/kalakaumudi/media/post_banners/79654a5f73954c6d228c01aa81b534ab590fb74ff45fc707c1234cbe817242e4.jpg)
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് പാർട്ടി വക്താവ് അജയ് മാക്കൻ.രാജ്യത്തെ കോൺഗ്രസ്-യൂത്ത് കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചതായാണ് ആരോപണം.കോൺഗ്രസ് നൽകുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ല.
കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു.ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കോൺഗ്രസിന് തിരിച്ചടിയായ് അക്കൗണ്ടുകളുടെ മരവിപ്പിക്കളും.ആദായനികുതി വകുപ്പാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും അജയ് മാക്കൻ അറിയിച്ചു.
പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾ ബാക്കിനിൽക്കെ കേന്ദ്രസർക്കാർ നടത്തിയ ഈ നീക്കം ജനാധിപത്യ പ്രക്രിയക്ക് നേരെയുള്ള പ്രഹരമാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു.210 കോടി രൂപ നികുതി അടക്കണമെന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച മുതൽ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചതെന്നാണ് വിവരം. യൂത്ത് കോണ്ഗ്രസ് മെമ്പർഷിപ് ഫീ വാങ്ങിയ അക്കൗണ്ടും മരവിപ്പിച്ചു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കം തടസ്സപ്പെടുത്താൻ ആസൂത്രിതമായ ശ്രമമാണെന്നും കോൺഗ്രസ് ആരോപിച്ചു.
‘ഇവിടെ ജനാധിപത്യം നിലവിലില്ല. ഏകപാർട്ടി ഭരണം പോലെ പ്രധാന പ്രതിപക്ഷ പാർട്ടിയെ സർക്കാർ കീഴ്പെടുത്തിയിരിക്കുന്നു. ജുഡീഷ്യറിയോടും മാധ്യമങ്ങളോടും ജനങ്ങളോടും ഞങ്ങൾ നീതി തേടുന്നു’ -മാക്കൻ പറഞ്ഞു.