/kalakaumudi/media/post_banners/c86e7412c4687d193880875fc985f4fb7653c763ca961052d17fda8091eb5899.jpg)
തിരുവനന്തപുരം: മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.ലീഗ് മൂന്നാം സീറ്റ് ആവശ്യത്തിൽ ഞായറാഴ്ചത്തെ ചർച്ചയിൽ പരിഹാരം കണ്ടതായും അദ്ദേഹം പറഞ്ഞു. അതെസമയം മുസ്ലിം ലീഗിനായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കണ്ണീരൊഴുക്കേണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എൽഡിഎഫ് ആദ്യം ആര്‍ജെഡിയുടെ പ്രശ്നം പരിഹരിക്കട്ടെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
53 വര്‍ഷം മുൻപ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണെന്ന് അദ്ദേഹം പറഞ്ഞു.കെ സുധാകരന്റേത് മുഴുവൻ വാക്യമാണെങ്കിൽ തമിഴ് ഭാഷയിൽ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം മാത്രമാണെങ്കിൽ മൈ ഡിയര്‍ എന്ന് വിശേഷിപ്പിക്കാം. ഇതൊന്നും വഴക്കിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.അതെസമയം കെ.കെ.ശൈലജയുടെ ഹമാസ് വിരുദ്ധ പ്രസ്താവന ആർ എസ് എസ് അന്തർധാരയുടെ സൂചനയാണെന്നും ഹമാസിനെ കുറിച്ചുള്ള പാർട്ടി നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുസ്‍ലിം ലീഗിന്റെ നിർണായക നേതൃയോഗം ചൊവ്വാഴ്ച പാണക്കാട്ട് നടക്കും. മൂന്നാം സീറ്റിന് പകരം അടുത്തതായി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നൽകാമെന്നാണ് കോൺഗ്രസ് ലീഗിന് മുന്നിൽ വെച്ച ഉപാധി. ഇത് സംബന്ധിച്ച് യോഗത്തിൽ വിശദമായി ചർച്ച നടക്കും.
രാജ്യസഭാ സീറ്റ് എന്നത് സ്വീകരിച്ച് മലപ്പുറത്തും പൊന്നാനിയിലും മാത്രം ലീഗ് മത്സരിക്കാനാണ് സാധ്യത. സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എം.കെ മുനീർ അടക്കമുള്ള മുതിർന്ന നേതാക്കൾ നാളത്തെ യോഗത്തിൽ പങ്കെടുക്കും.