/kalakaumudi/media/post_banners/4129c6990dc54e57ab2eb98d628ca394810317ecdea802a31694987db360307c.jpg)
ന്യൂഡൽഹി: തന്നെ ബിജെപിയാക്കിയത് കോൺഗ്രസ് തന്നെയാണെന്ന് പദ്മജ വേണുഗോപാൽ. ചതിയല്ലെന്നും വേദനയോടെയാണ് പാർട്ടി വിടുന്നതെന്നും പദ്മജ പ്രതികരിച്ചു.ഒരു ഉപാധികളും ഇല്ലാതെയാണ് ബിജെപിയിലേയ്ക്ക് പോകുന്നതെന്നും ഇനിയെങ്കിലും മനഃസമാധാനത്തോട് കൂടി പ്രവർത്തിക്കണമെന്നും പദ്മജ പറഞ്ഞു. ഒരു പാർട്ടിക്ക് ഏറ്റവും അത്യാവശ്യം നല്ലൊരു നേതാവിനെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ കണ്ടത് ആ നേതൃപാടവമാണ്. ഇക്കാരണമാണ് ബിജെപിയിലേക്ക് തന്നെ നയിച്ചതെന്നും അവർ വ്യക്തമാക്കി.
“എനിക്ക് ആരോടും പരാതിയില്ല. ആര് വേണമെങ്കിലും എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അതിലൊരു വിഷമമോ പരാതിയോ ഇല്ല. കഴിഞ്ഞ ഇലക്ഷനോട് കൂടി പാർട്ടിയുമായി അകന്ന് നിൽക്കുകയായിരുന്നു.എന്നെ തോൽപ്പിച്ചത് ആരാണെന്ന് എനിക്ക് അറിയാം. പക്ഷേ അതൊന്നും ആരോടും പറയാൻ നിന്നിട്ടില്ല. പരാതി എഴുതി നൽകിയിട്ട് പോലും പാർട്ടി അതിനെ പരിഗണിച്ചില്ല. ആരോപണ വിധേയരെ തന്നെ എന്റെ മൂക്കിന് താഴെ നേതൃത്വം കൊണ്ടുവച്ചു. ഇതൊക്കെ എനിക്ക് സഹിക്കാൻ കഴിയുന്നതിന് അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് നാളായി ഒന്നിലേക്കും ഇറങ്ങിയിരുന്നില്ല.- പദ്മജ വിശദീകരിച്ചു.
അതെസമയം അച്ഛൻ എത്രമാത്രം വിഷമത്തോട് കൂടിയാണ് ഭൂമിയിൽ നിന്ന് പോയതെന്ന് തനിക്ക് അറിയാമെന്നും അവർ കൂട്ടിച്ചേർത്തു. 2005 മുതൽ മുരളീധരൻ എന്നോട് തുടങ്ങിയതാണ്. അച്ഛൻ ജീവിച്ചിരുന്ന കാലത്ത് അച്ഛനോട് യാതൊരുവിധ താത്പര്യവും കാണിക്കാത്ത വ്യക്തിയായിരുന്നു മുരളീധരൻ. അച്ഛനെ എന്ത് ചെയ്തിരുന്നു, എങ്ങനെ നോക്കിയിരുന്നുവെന്നൊക്കെ കേരളത്തിലെ ആൾക്കാർക്ക് അറിയാം. അതിലൊന്നും എനിക്ക് അദ്ദേഹത്തിനോട് മറുപടി പറയേണ്ട കാര്യമില്ല. ഇതിന്റെ പേരിൽ ഉപേക്ഷിക്കുകയാണെങ്കിൽ ഉപേക്ഷിക്കട്ടെ. തന്നെ ഉപദ്രവിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾക്ക് ഈ സഹതാപം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. മുരളീധരൻ എല്ലാം തിരുത്തി പറയുന്ന ഒരു കാലം വരും” പദ്മജ പറഞ്ഞു.