/kalakaumudi/media/post_banners/382b4f7cba904c492922e4e18c22bd43c1cb61b5a9306bd416993dfdea49ec41.jpg)
ന്യൂഡല്‍ഹി: പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധന സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനെ കുറിച്ച് പഠിക്കാന്‍ മന്ത്രിസഭ ഉപസമിതി രൂപീകരിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി. ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനോട് നവംബര്‍ 10 ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.
എന്നാല്‍, പുന:പരിശോധന സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അടുത്ത വെള്ളിയാഴ്ച്ചക്കകം ഹര്‍ജിക്കാര്‍ക്ക് നല്‍കിയാല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടതില്ല. പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് ലഭിക്കേണ്ടതുണ്ട്. മന്ത്രിസഭ രേഖകളുടെ പരിധിയില്‍ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് അനന്തമായി രഹസ്യമാക്കി വയ്ക്കാന്‍ കഴിയില്ല. സുപ്രീം കോടതി വ്യക്തമാക്കി.
കോടതിയുടെ വിമര്‍ശനം അഭിഭാഷകര്‍ക്കെതിരെയല്ലെന്നും മുഖ്യമന്ത്രിക്കെതിരെയാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ റിപ്പോര്‍ട്ട് കൈമാറുന്നതിന് സമയം തേടിയ ശേഷം മന്ത്രിസഭ ഉപസമിതി രൂപീകരിച്ചതിനെ കോടതി വിമര്‍ശിച്ചു. 2021 ഏപ്രിലില്‍ ലഭിച്ച റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ സുപ്രീം കോടതി നടപടികളെ മറികടക്കാനല്ലേ ശ്രമിക്കുന്നതെന്നും കോടതി ആരാഞ്ഞു. സുപ്രീം കോടതി നടപടികളെ സര്‍ക്കാര്‍ ലാഘവത്തോടെ എടുക്കരുത്. കോടതി മുന്നറിയിപ്പ് നല്‍കി.
പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധന സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. പൊതുഖജനാവിലെ പണം ഉപയോഗിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പൊതുരേഖയാണെന്ന് ജോയിന്റ് കൗണ്‍സില്‍ വാദിച്ചു. എന്നാല്‍ 2021 ഏപ്രില്‍ 30 ന് സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ ഉപസമിതിയെ വയ്ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ച കാര്യം സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പല്ലവ് സിസോദിയയും സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ.ശശിയും കോടതിയില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനമെടുക്കാത്തത് സുപ്രീം കോടതി നടപടികളെ മറികടക്കാനുള്ള ശ്രമമല്ലേയെന്ന് അപ്പോഴാണ് കോടതി ആരാഞ്ഞത്.
പരസ്യപ്പെടുത്തിയാല്‍ ജീവനക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടാകും
പുന:പരിശോധന സമിതി റിപ്പോര്‍ട്ട് പരസ്യമായാല്‍ ജീവനക്കാര്‍ക്കിടയില്‍ അത് ഭിന്നതയ്ക്ക് കാരണമാകുമെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് കോടതി അഭിപ്രായപ്പെട്ടു. പഴയ പെന്‍ഷന്‍ പദ്ധതി മറ്റു ചില സംസ്ഥാനങ്ങള്‍ നടപ്പാക്കിയ കാര്യം ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് തമ്പാന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെയാണ് ജയചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചത്.