
പട്ന: വനിതാ സംവരണ ബില്ലിനെ കുറിച്ച് ആര്‍ജെഡി നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖി നടത്തിയ പരാമര്‍ശം വിവാദത്തില്‍. ' സംവരണത്തിന്റെ പേരില്‍ മുന്നോട്ടുവരാന്‍ പോകുന്നത് ലിപ്സ്റ്റിക്കിട്ടവരും മുടി ബോബ് ചെയ്തവരുമായ സ്ത്രീകളാണ്. പിന്നോക്ക സമുദായത്തിലെ സ്ത്രീകള്‍ക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം' -സിദ്ദിഖി പറഞ്ഞു.
ബിഹാറിലെ മുസ്സാഫര്‍പൂരില്‍ നടന്ന ആര്‍ജെഡി റാലിയിലായിരുന്നു സിദ്ദിഖിയുടെ പരാമര്‍ശം.
ആര്‍ജെഡി നേതാവിന്റെ പരാമര്‍ശത്തിന് പിന്നാലെ വ്യാപക പ്രതിഷേധമുയര്‍ന്നു. സിദ്ദിഖിയുടെ പരാമര്‍ശം ആര്‍ജെഡിയുടെ ഇടുങ്ങിയ മനസ്സിന്റെ പ്രതിഫലനമാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ കുശാല്‍ കൗശല്‍ പറഞ്ഞു.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒഴിവാക്കേണ്ട പരമാര്‍ശമാണു സിദ്ദിഖ് നടത്തിയതെന്ന് ജെഎംഎം എംപി മഹുവ മാജി പ്രതികരിച്ചു. വനിതാ സംവരണത്തില്‍ പിന്നാക്ക, വനിതാ വിഭാഗത്തിലുള്ളര്‍ക്കു പ്രത്യേക സംവരണം ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനത്തിന് പിന്നാലെ, പ്രസംഗത്തില്‍ വിശദീകരണവുമായി സിദ്ദിഖി രംഗത്തെത്തി. തന്റെ പാര്‍ട്ടി തുടക്കം മുതല്‍ വനിതാ സംവരണത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ഗ്രാമവാസികള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ഗ്രാമീണ ഭാഷയില്‍ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.