/kalakaumudi/media/post_banners/b1b0521183507c0166512d99236deddb788079f5e7b3bb999ab1fae92746d9a0.jpg)
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. 1904ല്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റീസ് ആക്ട് നിലവില്‍ വന്നതോടെയാണ് സഹകരണപ്രസ്ഥാനത്തിന് ആരംഭം കുറിച്ചത്. അതോടെ നാട്ടിലെ പ്രമാണിമാരില്‍ നിന്ന് കൃഷി ആവശ്യങ്ങള്‍ക്കും മറ്റുമായി വട്ടിപ്പലിശക്ക് കടം വാങ്ങിയിരുന്ന കൃഷിക്കാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും തെല്ലൊരാശ്വാസമായി. ലാഭേച്ഛ കൂടാതെയുള്ള സേവനം മുന്നില്‍ കണ്ടുകൊണ്ട് നാട്ടിലെ ഏതാനും ചില വ്യക്തികളില്‍ നിന്നും സ്വരൂപിച്ചെടുത്തിരുന്ന പണമായിരുന്നു തുടക്കത്തില്‍ സഹകരണസംഘങ്ങളുടെ ആകെയുള്ള മൂലധനം. ഇതിനെ സൊസൈറ്റികളെന്ന പേരിലാണ് നാട്ടിന്‍പുറങ്ങളില്‍ ആദ്യകാലങ്ങളില്‍ പൊതുവെ വിളിക്കപ്പെട്ടിരുന്നത്. ഗ്രാമങ്ങളില്‍ തുടക്കംകുറിച്ച സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് ഏതെങ്കിലുമൊരു വീട് കേന്ദ്രീകരിച്ചായിരുന്നു. സംഘങ്ങള്‍ക്ക് പ്രത്യേകിച്ച് ജീവനക്കാര്‍ ഒന്നും തന്നെയില്ലായിരുന്നു. തീര്‍ത്തും നാട്ടിലെ കര്‍ഷകനേയും ചെറുകിടകച്ചവടക്കാരനേയും സാധാരണക്കാരനേയും സംരക്ഷിക്കാനായി രൂപംകൊണ്ട ഒരു മഹാപ്രസ്ഥാനം.
കാലക്രമേണ ഒരു വടവൃക്ഷമെന്നപോല്‍ വളര്‍ന്ന് പന്തലിച്ച ഇന്ത്യയിലെ സഹകരണപ്രസ്ഥാനം ഇന്ന് ലോകത്തിനു തന്നെ മാതൃകയായി മാറിക്കഴിഞ്ഞു. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക സഹകരണസംഘങ്ങളും കോടികളുടെ മൂലധനം സമ്പാദിച്ച് ബാങ്കുകളായി മാറിക്കഴിഞ്ഞു. നാട്ടിലെ ദേശസാത്കൃതബാങ്കുകളെപ്പോലും വെല്ലുന്ന രീതിയിലാണ് ഇന്നിതിന്റെ വളര്‍ച്ച.
അര്‍ബന്‍ സഹകരണബാങ്കുകളെന്നും റൂറല്‍ സഹകരണ സംഘങ്ങളെന്നുമാണ് പൊതുവെ സഹകരണസ്ഥാപനങ്ങളെ തിരിച്ചിരിക്കുന്നത്. അര്‍ബന്‍ സഹകരണ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ പട്ടണങ്ങളിലും അര്‍ദ്ധപട്ടണപ്രദേശങ്ങള്‍ക്കും പ്രാധാന്യം നല്‍കുമ്പോള്‍ റൂറല്‍ സഹകരണസംഘങ്ങളാകട്ടെ പ്രാഥമിക സഹകരണസംഘങ്ങള്‍ എന്ന പേരില്‍ ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സഹകരണബാങ്കുകളാണ് ഇന്ത്യയിലുടനീളം ഇന്നുള്ളത്.
ഇന്ത്യയില്‍ സഹകരണപ്രസ്ഥാനം വളര്‍ന്നതോടെ നമ്മുടെ നാട്ടിലെ കാര്‍ഷികമേഖലക്കും അതോടൊപ്പം ചെറുകിട വ്യവസായങ്ങള്‍ക്കും അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണുണ്ടായത്. കൃഷിക്കാവശ്യമായ സാമ്പത്തികസഹായം നല്‍കുന്നതോടൊപ്പം കാര്‍ഷികോപകരണങ്ങളുടെയും വളം തുടങ്ങി മറ്റുള്ളവയുടെ വിതരണവും ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ ഏറ്റെടുക്കുകയാണുണ്ടായത്. കാര്‍ഷികോത്പന്നങ്ങള്‍ വില്ക്കുന്ന ബാങ്കുകളും കൂട്ടത്തില്‍ ഇല്ലാതില്ല. ഗ്രാമീണരില്‍ സമ്പാദ്യശീലം വളര്‍ത്തുവാനായി ഒട്ടേറെ പദ്ധതികളാണ് സഹകരണബാങ്കുകള്‍ രൂപം നല്‍കിയത്. ലഘുസമ്പാദ്യപദ്ധതികളും പ്രതിമാസ ചിട്ടികളും അവയില്‍ ഏതാനും ചിലത് മാത്രം.
സഹകരണ പ്രസ്ഥാനത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് കേരളത്തിന്റേത്. അതിന് തുടക്കം കുറിച്ചതാകട്ടെ 1914ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയുടെ കാലത്തായിരുന്നു. ആയിരക്കണക്കിന് പ്രൈമറി സഹകരണസംഘങ്ങളും അപ്പക്‌സ് ബാങ്കുകളുമാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. പലപല പേരുകളിലാണ് ഇവയെ അറിയപ്പെടുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ ഒട്ടേറെ സംഭാവനകളാണ് ഈ സഹകരണബാങ്കുകള്‍ നല്‍കിവരുന്നത്. ഇന്നാട്ടിലെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഷെഡ്യൂള്‍ഡ് ബാങ്കുകളോടൊപ്പം പിടിച്ചുനില്ക്കുവാനുള്ള ശേഷിയും കരുത്തും നമ്മുടെ സഹകരണബാങ്കുകള്‍ ഇന്ന് നേടിക്കഴിഞ്ഞു. പ്രാഥമിക സഹകരണസംഘങ്ങള്‍ ഒഴികെയുള്ള എല്ലാ സഹകരണബാങ്കുകളും ഇന്ന് റിസര്‍വ്ബാങ്കിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. സഹകരണബാങ്കുകളെ തന്നിഷ്ടത്തിനു വിടാതെ നിയമംമൂലം നിയന്ത്രിക്കുന്നതിനുള്ള സഹകരണ നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ട്. ഒരുപക്ഷേ യഥാസമയം ഇത്രയേറെ ആഡിറ്റും ഇന്‍സ്‌പെക്ഷനും നടക്കുന്ന മറ്റൊരു പ്രസ്ഥാനം നമ്മുടെ നാട്ടില്‍ ഇല്ലെന്നുതന്നെ പറയാം.
സഹകരണ മേഖലയില്‍ പതിനായിരക്കണക്കിന് ജീവനക്കാരും അവരുടെ കുടുംബങ്ങളുമാണുള്ളത്. അവരുടെ വരുമാനമാകട്ടെ മറ്റുള്ളവരുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒട്ടും മോശമല്ല. തൊഴില്‍ തേടുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ ഒരഭയകേന്ദ്രം കൂടിയാണ് ഇന്നാട്ടിലെ സഹകരണബാങ്കുകള്‍. അതുകൊണ്ടു തന്നെ ഈ പ്രസ്ഥാനം എന്നേക്കും നിലനില്‍ക്കേണ്ടത് ആവശ്യമാണ്. ദീര്‍ഘകാല വായ്പകളായി വലിയ തുകയാണ് ഇന്ന് സഹകരണബാങ്കുകള്‍ നല്കിവരുന്നത്. വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള സാവകാശവും ജനങ്ങള്‍ക്ക് ഇവിടെ നിന്നും കിട്ടുന്നുണ്ട്. മറ്റുള്ള ബാങ്കുകളെ അപേക്ഷിച്ച് നിക്ഷേപകര്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നതിനാല്‍ കോടിക്കണക്കിന് രൂപയാണ് നിക്ഷേപമായി സഹകരണബാങ്കുകളില്‍ വന്നെത്തുന്നത്. കാലവിളംബം കൂടാതെ വായ്പതുക അപേക്ഷകന് കൊടുക്കാന്‍ കഴിയുന്നതും സഹകരണബാങ്കുകളുടെ മറ്റൊരു പ്രത്യേകതയാണ്. അതിനുള്ള പ്രധാന കാരണമാകട്ടെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ പരമാധികാരം തന്നെയാണ്.
വിധിവൈപരീത്യമെന്നുതന്നെ പറയട്ടെ ഇത്രയേറെ ഗുണഗണങ്ങളുള്ള സര്‍വീസ് സഹകരണബാങ്കുകളില്‍ ഈ അടുത്ത കാലത്തായി പറഞ്ഞുകേള്‍ക്കുന്ന അരുതായ്മകള്‍ നമ്മളേവരേയും വേദനിപ്പിക്കുന്നതും ഇരുത്തിചിന്തിപ്പിക്കുന്നതുമാണ്. പകലന്തിയോളം പൊരിവെയിലത്ത് പാടത്ത് പണിചെയ്ത് ചോര നീരാക്കി നേടുന്ന ചെറിയൊരു തുക സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തിനും പെണ്‍മക്കളുടെ കല്യാണാവശ്യത്തിനുമാണ് പ്രധാനമായും സഹകരണബാങ്കുകളില്‍ നിക്ഷേപിക്കുന്നത്. അതിനെ ഭദ്രമായി സംരക്ഷിക്കേണ്ടതും യഥാസമയം തിരിച്ചുകൊടുക്കേണ്ടതും ബാങ്ക് അധികൃതരുടെ ചുമതലയാണ്.
എന്നാല്‍ കേരളത്തിലെ ഏതാനും ചില സര്‍വ്വീസ് സഹകരണബാങ്കുകളില്‍ വലിയരീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകളാണ് സംഭവിച്ചിരിക്കുന്നത്. ഇതൊരിക്കലും ഉണ്ടാകാന്‍ പാടില്ല. പല നിക്ഷേപകരുടെയും ലക്ഷങ്ങളും കോടികളുമാണ് കാണാതായിരിക്കുന്നത്. ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപ ഒരു കാരണവശാലും ബാങ്കിന് പുറത്തുള്ളവര്‍ക്ക് അടിച്ചുമാറ്റാന്‍ കഴിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ കള്ളന്‍ കപ്പലില്‍ തന്നെയുണ്ട്. അതാരാണെന്ന് കണ്ടുപിടിക്കാനുള്ള ആര്‍ജ്ജവം അധികാരികളില്‍ നിന്നുണ്ടാകണം.
പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഒരു ഡയറക്ടര്‍ ബോര്‍ഡും സെക്രട്ടറി, മാനേജര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ജീവനക്കാരുമാണ് സഹകരണബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. വായ്പകള്‍ കൊടുക്കുന്നതും കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും ഇവരൊക്കെത്തന്നെയാണ്. വലിയ അധികാരമാണ് സഹകരണബാങ്കുകളിലെ ഡയറക്ടര്‍ബോര്‍ഡിനുള്ളത്. കേരളത്തിലെ സഹകരണബാങ്കുകളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള വലിയൊരു ഉദ്യോഗസ്ഥവൃന്ദം തന്നെ കേരളത്തിലുണ്ട്. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഡയറക്ടര്‍ ബോര്‍ഡും ജീവനക്കാരുമുള്ളിടത്ത് കാല്‍കാശിന്റെ ക്രമക്കേട് നടത്താന്‍ കഴിയാത്ത സംവിധാനമാണ് സഹകരണബാങ്കുകളിലേത്. അതേ സമയം ഈ പറഞ്ഞവര്‍ ഒന്ന് ഒത്തുകൂടിയാല്‍ ബാങ്കിനെ മുച്ചൂടം വിഴുങ്ങുവാനും കഴിയും. അതാണ് കേരളത്തിലെ ഏതാനും സഹകരണബാങ്കുകളില്‍ ഇന്ന് സംഭവിച്ചിരിക്കുന്നത്.
ബാങ്കിന്റെ ഏതൊരു രജിസ്റ്ററും ഏത് സമയവും പരിശോധിക്കാനുള്ള അധികാരം ഡയറക്ടര്‍ബോര്‍ഡിനുള്ളപ്പോള്‍ ബാങ്കില്‍ നടക്കുന്ന സാമ്പത്തികക്രമക്കേടുകള്‍ അവര്‍ അറിഞ്ഞില്ല എന്നു പറയുന്നതില്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ ഏതാനും ചില സഹകരണബാങ്കുകളില്‍ നടന്നിരിക്കുന്ന പണാപഹരണത്തില്‍ അതിന്റെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഡയറക്ടര്‍ബോര്‍ഡിനും ജീവനക്കാര്‍ക്കും തുല്യപങ്കാണുള്ളത്. ഇക്കാര്യത്തില്‍ ഈ ബാങ്കുകളുടെ മേല്‍നോട്ട ചുമതലയുള്ള ഡിപ്പാര്‍ട്ടമെന്റ് ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കേണ്ടതാണ്. ജീവിതകാലം മുഴുവനും സ്വന്തം കുടുംബത്തിനുവേണ്ടി മണലാരണ്യങ്ങളില്‍ പോയി പൊള്ളുന്ന വെയിലത്ത് പണിചെയ്ത് മിച്ചംപിടിച്ച് സഹകരണബാങ്കുകളില്‍ തങ്ങളുടെ ഭാവികാല ആവശ്യങ്ങള്‍ക്കായി നിക്ഷേപിച്ചിരിക്കുന്ന പണം രേഖകളില്‍ കൃത്രിമംകാട്ടി സ്വന്തം കീശയിലാക്കുന്ന പ്രാകൃതവും അപരിഷ്‌കൃതവുമായ നടപടിയെ നമുക്കൊരിക്കലും നീതീകരിക്കാന്‍ കഴിയില്ല. ഇവരാരും തന്നെ ഒരിക്കലും മാപ്പര്‍ഹിക്കുന്നവരല്ല.
അതുകൊണ്ടുതന്നെ ബാങ്കുരേഖകളില്‍ കൃത്രിമം കാട്ടി കോടികള്‍ അടിച്ചുമാറ്റിയ ബാങ്ക് കവര്‍ച്ചക്കാരെ അവര്‍ എത്ര തന്നെ ഉന്നതരായാലും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. അവരുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടണം. അതുമാത്രമല്ല സഹകരണബാങ്ക് ഡയറക്ടര്‍ബോര്‍ഡുകള്‍ക്ക് ഇന്ന് നല്‍കിവരുന്ന അമിതാധികാരം ഇനിയും തുടരണമോ എന്ന കാര്യം അധികാരകേന്ദ്രങ്ങള്‍ ചിന്തിക്കണം. കൂടാതെ സഹകരണമേഖലയിലെ വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണം. എങ്കില്‍ മാത്രമേ ഇന്നാട്ടിലെ പാവപ്പെട്ടവന്റേയും കര്‍ഷകന്റേയും ചെറുകിട കച്ചവടക്കാരന്റേയും അഭയകേന്ദ്രമായ സഹകരണബാങ്കുകളെ നമുക്ക് രക്ഷിക്കാനാകൂ.
(തിരുവനന്തപുരം ജില്ലാകോടതിയിലെ അഭിഭാഷകനും കോറം ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍)