കൈക്കൂലി വാങ്ങാന്‍ ശ്രമം; കെണിയൊരുക്കി വിജിലന്‍സ്, കോര്‍പറേഷന്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കൈക്കൂലി വാങ്ങാന്‍ ശ്രമിക്കവെ കോര്‍പറേഷനിലെ റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് ആറ്റിപ്ര സോണല്‍ ഓഫീസിലെ റവന്യു ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാറിനെ പിടികൂടുന്നത്.

author-image
Priya
New Update
കൈക്കൂലി വാങ്ങാന്‍ ശ്രമം; കെണിയൊരുക്കി വിജിലന്‍സ്, കോര്‍പറേഷന്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ പിടിയില്‍

തിരുവനന്തപുരം: കൈക്കൂലി വാങ്ങാന്‍ ശ്രമിക്കവെ കോര്‍പറേഷനിലെ റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് ആറ്റിപ്ര സോണല്‍ ഓഫീസിലെ റവന്യു ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാറിനെ പിടികൂടുന്നത്.

ഫ്‌ലാറ്റിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് വേണ്ടി കെട്ടിട ഉടമയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങാനായിരുന്നു അയാളുടെ ശ്രമം. ആറ്റിപ്ര കരിമണലില്‍ വാങ്ങിയ ഫ്‌ലാറ്റിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് വേണ്ടി രണ്ടാഴ്ച മുന്‍പ് തന്നെ പരാതിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നു.

അരുണ്‍ കുമാര്‍ സ്ഥലം പരിശോധിക്കാനെത്തിയപ്പോള്‍ 2000 രൂപ നല്‍കണമെന്ന് അപേക്ഷകനോട് ആവശ്യപ്പെടുകയായിരുന്നു. ഫയല്‍ നീക്കം വേഗത്തിലാക്കണമെങ്കില്‍ പണവുമായി ഇന്ന് ഓഫീസിലെത്താന്‍ അപേക്ഷകനോട് ആവശ്യപ്പെട്ടു.

പരാതിക്കാരന്‍ ഇക്കാര്യം വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് ആര്‍. വിനോദ് കുമാറിനെ അറിയിക്കുകയായിരുന്നു.ഇതേ തുടര്‍ന്ന് ഇന്നലെ വൈകീട്ട് 3:30 ന് പണം കൈമാറുന്നതിനിടെയാണ് റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയതത്.

അരുണ്‍ കുമാറില്‍ നിന്ന് കണക്കില്‍ പെടാത്ത 7000 രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു.

Arrest corporation revenue inspector