/kalakaumudi/media/post_banners/169400b192f95d143a497975340fcc4def5a0d3fda736964c4d43f83af12dec4.jpg)
ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രാദേശിക നേതാവിനെയും ഭാര്യയെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം മണ്ഡലം സെക്രട്ടറി പി കെ സജിയും ഭാര്യ ബിനു സജിയുമാണ് മരിച്ചത്.
സജിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഭാര്യ ബിനുവിന്റെ മൃതദേഹം കഴുത്ത് അറുത്ത നിലയിലാണ്. ബിനു സ്‌കൂള്‍ ടീച്ചറാണ്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ദമ്പതികള്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച വൈകിട്ടോടെ ആണ് സംഭവം അറിയുന്നത്. അച്ഛനെയും അമ്മയേയും മൊബൈല്‍ ഫോണില്‍ പലതവണ വിളിച്ചിട്ടും ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് മകന്‍ അയല്‍ക്കാരോട് ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. അയല്‍വാസികളെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളില്‍ ദമ്പതികളുടെ മൃതദേഹം കണ്ടത്.
ഇരുവരുടേയും ഏക മകന്‍ കോയമ്പത്തൂരില്‍ വിദ്യാര്‍ത്ഥിയാണ്. അസ്വഭാവിക മരണത്തിന് കായംകുളം പൊലീസ് കേസെടുത്തു.