/kalakaumudi/media/post_banners/2f58f59f62a56699837b4bd7006b0f3174866ddfaa3f20756a5b10d9b0239037.jpg)
തിരുവനന്തപുരം: സി.പി.ഐ. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി വെഞ്ഞാറമ്മൂട് ശശി അന്തരിച്ചു.73 വയസ്സായിരുന്നു.വെള്ളിയാഴ്ച രാവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ഏറെ നാളായി പ്രമേഹ രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം വെഞ്ഞാറമ്മൂടുള്ള സ്വവസതിയിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്നു.
സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, മുൻമന്ത്രി സി. ദിവാകരൻ, സ്ഥലം എം.എൽ.എ. ഡി.കെ. മുരളി, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.ഐ. ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ, നാഷണൽ കൗൺസിലംഗം സത്യൻ മുഖേരി, ജില്ലാ ട്രഷറർ എ.എം. റൈസ്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, ജനയുഗം ചെയർമാൻ എൻ. രാജൻ, ബി.ജെ.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാൽ അശോകൻ, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ആർ.വി. നിഖിൽ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന പേയ്‌മെന്റ് സീറ്റ് വിവാദത്തിന് പിന്നാലെ അദ്ദേഹം പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. പിന്നീട് ആർ.എസ്.പിയിൽ ചേർന്നെങ്കിലും ബി.ജെ.പിയിലേയ്ക്ക മാറി. അമിത് ഷാ ഉൾപ്പടെ പങ്കെടുത്ത പരിപാടിയിൽ വച്ചായിരുന്നു ബി.ജെ.പി. പ്രവേശം. വർഷങ്ങളായി രാഷ്ട്രീയരംഗത്ത് സജീവമായിരുന്നില്ല.