/kalakaumudi/media/post_banners/077b48fee95438ac676e3168eb4a4bb3111bad5a5b230532f98d0c1e766f7ffc.jpg)
തിരുവനന്തപുരം: ലക്ഷക്കണക്കിനു ഭൂവുടമകൾക്ക് ആശ്വാസം. ലാൻഡ് ട്രൈബ്യൂണലുകൾ ഭൂമിക്കു നൽകുന്ന ക്രയസർട്ടിഫിക്കറ്റുകളും തഹസിൽദാർമാർ നൽകുന്ന മിച്ചഭൂമി, പതിവു പട്ടയങ്ങളും സബ് റജിസ്ട്രാർ ഓഫിസുകളിൽ റജിസ്റ്റർ ചെയ്യാനുള്ള സ്പഷ്ടീകരണ ഉത്തരവ് നികുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചു.
നിലവിൽ കുടിയാനും ട്രൈബ്യൂണലും മാത്രമാണ് പട്ടയത്തിന്റെ പകർപ്പുകൾ സൂക്ഷിക്കുന്നത്. എന്നാൽ ഈ രേഖ നഷ്ടപ്പെട്ടാൽ പുതിയ പകർപ്പെടുക്കാനോ രേഖകൾ ഒത്തുനോക്കാനോ മാർഗമില്ല.പലപ്പോഴും ട്രൈബ്യൂണലിൽ നിന്നും തഹസിൽദാർ ഓഫീസിൽ നിന്നും പട്ടയരേഖകൾ ലഭിക്കാതെ പ്രയാസപ്പെടുന്ന സാഹചര്യവുമുണ്ട്.
എന്നാൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ വസ്തു പട്ടയമുള്ളതാണോ അല്ലയോ എന്ന് ബാധ്യതാ സർട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പാക്കാനാകും. പട്ടയത്തിന്റെ സർട്ടിഫൈഡ് പകർപ്പ് സബ് റജിസ്ട്രാർ ഓഫിസിൽ ഫീസടച്ച് എടു ക്കാനും സാധിക്കും.
ക്രയസർട്ടിഫിക്കറ്റുകളുടെയും പട്ടയങ്ങളുടെയും പകർപ്പ് വസ്തു ഉൾപ്പെടുന്ന പ്രദേശത്തെ സബ്റജിസ്ട്രാർമാർക്കു തപാലിൽ നൽകണം,ശേഷം അതു സബ്റജിസ്ട്രാർമാർ റജിസ്റ്ററിൽ ചേർക്കണമെന്നും കേരള ലാൻഡ് ബോർഡ് രണ്ടു വർഷം മുൻപു സർക്കുലർ ഇറക്കിയിരുന്നു.എന്നാൽ ഇക്കാര്യത്തിൽ റജിസ്ട്രേഷൻ വകുപ്പ് നിയമോപദേശം കാക്കുന്നതിനാൽ ഇടക്കാല നടപടിയായാണ് ഉത്തരവ്.