വേഗം മണിക്കൂറില്‍ 110 കി.മി.; മിഷോങ് തീരംതൊട്ടു; ആന്ധ്രയില്‍ അതീവ ജാഗ്രത

മിഷോങ് ചുഴലിക്കാറ്റ് തീരം തൊട്ടു. ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് തീരം കടന്നത്.

author-image
Web Desk
New Update
വേഗം മണിക്കൂറില്‍ 110 കി.മി.; മിഷോങ് തീരംതൊട്ടു; ആന്ധ്രയില്‍ അതീവ ജാഗ്രത

ഹൈദരാബാദ്: മിഷോങ് ചുഴലിക്കാറ്റ് തീരം തൊട്ടു. ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് തീരം കടന്നത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് കരതൊട്ടത്. മണിക്കൂറില്‍ 110 കിലോമീറ്ററാണ് വേഗം. സംസ്ഥാനത്തിന്റെ വടക്കുഭാഗത്തേക്കാണ് കാറ്റ് നീങ്ങുന്നത്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് കനത്ത ജാഗ്രതയിലാണ്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബപട്‌ല, കൃഷ്ണ, ഗോദാവരി, കൊനസീമ, കാക്കിനട ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ചൊവ്വാഴ്ച 16 ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പുതുശ്ശേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിയുമായും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായും ആശയവിനിമയം നടത്തി.

അതിനിടെ, ചെന്നൈയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും മഴക്കെടുതിയും തുടരുകയാണ്. ജലനിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമുകളെല്ലാം തുറന്നിരിക്കുകയാണ്. അതിനാല്‍, നഗരത്തില്‍ നിന്ന് വെള്ളം ഇറങ്ങുന്നില്ല.

ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അവധി നല്‍കിയിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. എന്നാല്‍, മെട്രാ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ചെന്നൈ സെന്‍ട്രലിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

india weather Climate andhra pradesh cyclone michaung