/kalakaumudi/media/post_banners/fa452fd90c89f5ac58abbaf2c5dcd1835b672d26d6349038cba48ba7b86b293e.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിചേര്‍ക്കാന്‍ ഒരുങ്ങി ഇ ഡി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) സെക്ഷന്‍ 70 പ്രകാരം നടപടിയെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനികള്‍ക്കും ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയാണ് സാധാരണയായി ഈ വകുപ്പ് പ്രകാരം കേസെടുക്കുന്നത്. എന്നാല്‍, ഇതേ വകുപ്പ് പ്രകാരം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും കേസെടുക്കാന്‍ കഴിയുമെന്ന് ഇ.ഡി. വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കമ്പനിയുടെയോ ട്രസ്റ്റുകളുടെയോ സ്ഥാപനങ്ങളുടെയോ കാര്യത്തില്‍, അതിന്റെ ഡയറക്ടര്‍, മാനേജര്‍, തുടങ്ങി ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെയാണ് കേസെടുക്കുക. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാര്യത്തില്‍ അതിന്റെ കണ്‍വീനര്‍, ട്രഷറര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രതിനിധിക്കെതിരെ കേസെടുക്കാമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേസില്‍ എഎപിയെ പ്രതിചേര്‍ക്കണമോയെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. എഎപിയെ പ്രതിചേര്‍ത്താല്‍, ഒരു അന്വേഷണ ഏജന്‍സി കേസെടുക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി എഎപി മാറും. കേസില്‍ എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന് ചോദ്യം ചെയ്യലിനു ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി. മൂന്നുതവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍, മൂന്നുതവണയും അദ്ദേഹം സമന്‍സ് ഒഴിവാക്കി.