/kalakaumudi/media/post_banners/2a3993715b31ff5bfdffc08fbb30bd397dddda23bf33ea21299a8e87324dc7de.jpg)
ന്യൂഡൽഹി:ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സമൻസ് നിയമവിരുദ്ധമാണെന്നും കെജ്രിവാളിനെ അറസ്റ്റ് ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും എഎപി ആരോപിച്ചു.
നേരത്തെ നവംബർ 2 നും ഡിസംബർ 21 നും രണ്ട് സമൻസ് നൽകിയിരുന്നു.ഇത് മൂന്നാമത്തെ നോട്ടീസായിരുന്നു.എന്നാൽ ഇതുവരെ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ എഎപിയുടെ ദേശീയ കൺവീനർ കൂടിയായ കെജ്‌രിവാൾ തയ്യാറായിട്ടില്ല.
കഴിഞ്ഞവർഷം ഏപ്രിലിൽ കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കെജ്‌രിവാളിനെ ചോദ്യം ചെയ്‌തിരുന്നുവെങ്കിലും കേസിൽ പ്രതിയാക്കിയിരുന്നില്ല.തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ സമൻസ് അയച്ചത് മുതൽ, ചോദ്യം ചെയ്യലിന് ശേഷം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന വാർത്തകൾ ഉണ്ടായിരുന്നു.
എഎപിയിൽ നിന്നുള്ള നിരവധി നേതാക്കളും സമാനമായ പ്രസ്താവനകൾ പുറത്തിറക്കിയിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യുകയും ഒക്ടോബറിൽ എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ്ങിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.