'രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകം', പിണറായി സര്‍ക്കാരിനോട് വി മുരളീധരന്റെ 10 ചോദ്യങ്ങള്‍

കേരള സര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന കേന്ദവിരുദ്ധ സമരം രാജ്യ തലസ്ഥാനം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകമെന്ന് ബി.ജെ.പി. പൊതു ഖജനാവില്‍ നിന്ന് കോടികള്‍ ചെലവിട്ട് നടക്കുന്ന ഈ സമര പ്രഹസനം സ്വന്തം വീഴ്ച്ചകള്‍ മറച്ചുപിടിക്കുന്നതിന് വേണ്ടി മാത്രമാണെന്ന് കേരള ജനത തിരിച്ചറിയുമെന്ന് ഡല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

author-image
Web Desk
New Update
'രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകം', പിണറായി സര്‍ക്കാരിനോട് വി മുരളീധരന്റെ 10 ചോദ്യങ്ങള്‍

ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന കേന്ദവിരുദ്ധ സമരം രാജ്യ തലസ്ഥാനം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകമെന്ന് ബി.ജെ.പി. പൊതു ഖജനാവില്‍ നിന്ന് കോടികള്‍ ചെലവിട്ട് നടക്കുന്ന ഈ സമര പ്രഹസനം സ്വന്തം വീഴ്ച്ചകള്‍ മറച്ചുപിടിക്കുന്നതിന് വേണ്ടി മാത്രമാണെന്ന് കേരള ജനത തിരിച്ചറിയുമെന്ന് ഡല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

ജനങ്ങളുടെ നികുതിപ്പണം സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നത് കേരള ജനതയുടെ വയറ്റത്തടിക്കുന്നതിന് തുല്യമാണ്. മുരളീധരന്‍ ആരോപിച്ചു. കേരള സര്‍ക്കാരിനെതിരായ ജനരോഷത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഡല്‍ഹിയില്‍ കേന്ദ്രവിരുദ്ധ സമരം നടത്തുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് പണം വന്നില്ലെങ്കില്‍ കേരളം ശ്രീലങ്കയുടെ അവസ്ഥയിലാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ യാഥാര്‍ത്ഥ്യം മറച്ചു പിടിക്കാനാണ് കേരളസര്‍ക്കാരിന്റെ ശ്രമം. പത്ത് വര്‍ഷം കൊണ്ട് ഇത്രയധികം നഷ്ടമുണ്ടാക്കിയ മറ്റൊരു സംസ്ഥാനവുമില്ല. അദ്ദേഹം ആരോപിച്ചു.

10 ചോദ്യങ്ങളുന്നയിച്ച് വി. മുരളീധരന്‍

15-ാം ധനകാര്യ കമ്മീഷന്‍ കേരളത്തെ രാജ്യത്തെ ഏറ്റവും കടബാദ്ധ്യതയേറിയ സംസ്ഥാനമെന്ന് നിര്‍വ്വചിച്ചിട്ടുണ്ടോ?

കേരളത്തിന്റെ കടം ജിഎസ്ഡിപി യുടെ 39 ശതമാനം ആണോ?

നിലവില്‍ കടമെടുക്കുന്ന തുകയുടെ എത്ര ശതമാനം സംസ്ഥാന വളര്‍ച്ചയ്ക്ക് ഉതകുന്ന മൂലധന നിക്ഷേപത്തിന് ഉപയോഗിക്കുന്നു?

12,13,14 ധനകാര്യ കമ്മീഷനുകള്‍ ചൂണ്ടിക്കാട്ടിയ കേരളത്തിന്റെ സാമ്പത്തിക മിസ് മാനേജ്‌മെന്റ് പരിഹരിക്കാന്‍ എന്താണ് ചെയ്തത്?

ശമ്പളം, പെന്‍ഷന്‍, പലിശ എന്നി ഇനങ്ങളിലെ ചെലവുകള്‍ക്കായി തനത് വരുമാനത്തില്‍ നിന്ന് എത്ര ചെലവാക്കുന്നു?

കിഫ്ബിയടക്കം ബജറ്റിന് പുറത്തെ വായ്പയുടെ തിരിച്ചടവ് ആരാണ് ചെയ്യുന്നത്?

ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ 2022 ജൂണില്‍ അവസാനിപ്പിക്കുമെന്ന് നേരത്തെ അറിഞ്ഞിട്ടും തനത് വരുമാനം കൂട്ടാന്‍ എന്ത് നടപടിയാണ് കേരളം സ്വീകരിച്ചത്?

രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിഹിതമായി റവന്യൂ കമ്മി ഗ്രാന്റായി 52,345.3 കോടി രൂപ ലഭിച്ചിട്ടില്ലേ?

ക്ഷേമപെന്‍ഷന്‍ കുടിശ്ശികയായ 602.14 കോടി രൂപ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ കൊടുത്തു തീര്‍ത്തിട്ടും ചക്കിട്ടപാറയിലെ ജോസഫ് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്ത് കൊണ്ട്?

യു.ജി.സി ശമ്പള പരിഷ്‌ക്കരണത്തിന് 31.03.2022 ന് മുമ്പ് പണം നല്‍കിയതിന്റെ രേഖകള്‍ നല്‍കണമെന്ന് മുന്ന് തവണ ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ പണം നല്‍കിയതിന്റെ രേഖകള്‍ നല്‍കാതിരുന്നത് എന്ത് കൊണ്ട്?

കേന്ദ്രസര്‍ക്കാരിനെതിരെ സമര പ്രഹസനത്തിനെത്തിയ മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

 

pinarayi vijayan kerala v muraleedharan