/kalakaumudi/media/post_banners/7cecb8d864bf2e7156c84686755810284c9f2b5f0f0f37abacbba87388ae0f72.jpg)
മൂന്നാര്‍: ഇടുക്കിയില്‍ ആദിവാസി കര്‍ഷകന്റെ കൃഷി വെട്ടി നശിപ്പിച്ചതായി പരാതി. അയ്യപ്പന്‍ കോവില്‍ ചെന്നിനായ്ക്കന്‍കുടി കിണറ്റുകര കെ.ആര്‍. കുഞ്ഞുരാമന്റെ ഒന്നരയേക്കര്‍ ഭൂമിയിലെ കൃഷിയാണ് ഭൂമി പാട്ടത്തിനെടുത്തയാള്‍ വെട്ടി നശിപ്പിച്ചത്. വെട്ടാന്‍ കഴിയാത്ത കാര്‍ഷിക വിളയില്‍ കീടനാശിനി തളിച്ച് നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
2009 ല്‍ ഇടപ്പൂക്കുളം സ്വദേശി ആര്‍. ലാലുവിന് പന്ത്രണ്ട് വര്‍ഷത്തെ ഉടമ്പടിയില്‍ കുഞ്ഞുരാമന്‍ ഭൂമി പാട്ടത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഉടമ്പടിയില്‍ 22 വര്‍ഷമെന്ന് ലാലു തെറ്റായി എഴുതിച്ചേര്‍ത്തു. ഇക്കാര്യം മറച്ചു വക്കുകയും ചെയ്‌തെന്നാണ് കുഞ്ഞുരാമന്‍ പറയുന്നത്. 12 വര്‍ഷം കഴിഞ്ഞിട്ടും ഭൂമിയില്‍ വിട്ടു നല്‍കാന്‍ പാട്ടക്കാരന്‍ തയ്യാറായില്ല.ഇതിനിടെ പാട്ടക്കാരന്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവും സമ്പാദിച്ചു.
ഇതിനെതിരെ കുഞ്ഞുരാമന്‍ മേല്‍ക്കോടതിയെയും കളക്ടറെയും സമീപിച്ചിരുന്നു.
തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച ശേഷം ഡിസംബര്‍ 21 ന് മുമ്പായി സ്ഥലം വിട്ടു നല്‍കണമെന്ന് ലാലുവിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ 25 വരെ വിളവെടുത്ത ശേഷം ഏലം, കുരുമുളക് തുടങ്ങിയ കൃഷി ലാലു ചുവടെ വെട്ടി നശിപ്പിച്ചെന്നാണ് സ്ഥലമുടമ കുഞ്ഞുരാമന്റെ പരാതി. ലക്ഷങ്ങളുടെ നഷ്ടമാണ് കുഞ്ഞുരാമന് ഉണ്ടായത്.
അയ്യപ്പന്‍ കോവില്‍ പഞ്ചായത്തിലെ ഊരുമൂപ്പന്മാരുടെ നേതൃത്വത്തില്‍ ലാലുവിനെതിരെ പീരുമേട് ഡിവൈഎസ്പിക്ക് കുഞ്ഞുരാമന്‍ പരാതി നല്‍കിയിട്ടുണ്ട്.