സര്‍ക്കാര്‍ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ത്ഥന നടത്തിയ സംഭവം; ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

By web desk.20 11 2023

imran-azhar

 

തൃശൂര്‍: തൃശൂര്‍ സര്‍ക്കാര്‍ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ എ ബിന്ദുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

 


ഓഫീസിലെ വൈദിക വിദ്യാര്‍ഥിയുടെ അഭ്യര്‍ഥന പ്രകാരം ഓഫീസ് സമയത്തിന് ശേഷം ഒരു മിനിറ്റ് പ്രാര്‍ത്ഥന നടത്തിയെന്നാണ് ഓഫീസര്‍ നല്‍കുന്ന വിശദീകരണം. സംഭവം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വിവാദമാവുകയും മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടുമാസം മുമ്പ് നടന്ന സംഭവം സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചത് ആസൂത്രിതമാണെന്ന ആരോപണവും ശക്തമാണ്.

 

മികച്ച സേവനത്തിനു സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പുരസ്‌കാരം ലഭിച്ച ഉദ്യോഗസ്ഥയാണ് ബിന്ദു. സംഭവം പുറത്തു വന്നയുടനെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സബ് കളക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല. സംഭവുമായി ബന്ധപ്പെട്ട് സബ് കലക്ടര്‍ ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. സംഭവത്തിന്റെ വിശദവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കാനിരിക്കെയാണ് അഡിഷണല്‍ ഡയറക്ടര്‍ സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

 

 

 

 

OTHER SECTIONS