/kalakaumudi/media/post_banners/17bb382c8dc4b61f1a7091bb411eb6a6c69717a0bc799b18523220068b42917a.jpg)
മിദിലാജ് റഷീദ്
തിരുവനന്തപുരം: ചാനല്‍ ക്യാമറകളുടെ തിക്കുംതിരക്കുമില്ല. നിശബ്ദനായി കുഞ്ഞാമന്‍ എന്ന പോരാളി കിടന്നു. 'മാഷിന്റെ പുതിയ കുട്ട്യോളാ...' മുന്നിലിരുന്ന സ്ത്രീ ചോദിച്ചു. വെറുതെ ചിരിച്ചതേയുള്ളൂ. സമൂഹത്തെ മുഴുവന്‍ കുഞ്ഞാമന്‍ ക്ലാസ് മുറിയായി കണ്ടു; നിരന്തരം സംവദിച്ചു. പല അഭിമുഖങ്ങളിലും അദ്ദേഹം അതു പറഞ്ഞിട്ടുമുണ്ട്.
'സാധാരണക്കാരനെന്നേ തോന്നൂ... കൊറേ ബന്ധങ്ങളുള്ള ആളായിരുന്ന്...' പരിസരവാസിയാണ്. 'എനിക്ക് നേരത്തെ അറിയാമായിരുന്നു...' മറ്റൊരാളുടെ പ്രതികരണം. അയല്‍വാസികള്‍ക്ക് ഒരു സാധാരണക്കാരനായിരുന്നു, രാഷ്ട്രപതി കെ ആര്‍ നാരായണനൊപ്പം 'തലയെടുപ്പു'ണ്ടായിരുന്ന ഡോ. എം കുഞ്ഞാമന്‍.
ഒരു ജന്മം മുഴുവന്‍ സിസ്റ്റത്തോട് കലഹിച്ച ആ മനുഷ്യന്റെ മുഖത്ത് ഇപ്പോള്‍ അഗാധ ശാന്തത. ഒരു യുഗത്തിന് വഴി തെളിച്ചതിന്റെ സംതൃപ്തി...
ശ്രീകാര്യം, വെഞ്ചാവോട് ശ്രീനഗറിലെ വീട്ടിലേക്ക് കയറുമ്പോള്‍ ആദ്യം കണ്ണുടക്കുക ഇറയത്തെ മേശപ്പുറത്ത് പാതിതുറന്നുവച്ച സി.കെ ജാനുവിന്റെ 'അടിമമക്ക'യിലാണ്. പ്രിയ അധ്യാപകനെ അവസാനമായി കാണാന്‍ ഏതാനും വിദ്യാര്‍ഥികളും വീട്ടിലേക്ക് എത്തിയിരുന്നു. പ്രിയ മാഷിന്റെ മുഖത്തേക്ക് നോക്കി, എന്തോ ഓര്‍ത്തിട്ടെന്നവണ്ണം അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
'പാണന്‍ പറയെടാ' എന്ന് പറഞ്ഞിരുന്ന കണക്ക് മാഷിനെ തിരുത്തി 'എന്നെ കുഞ്ഞാമന്‍ എന്ന് വിളിക്കണം' എന്ന് കട്ടായം പറഞ്ഞ ആ 10 വയസ്സുകാരന്‍, 74-ാം വയസ്സ് വരെയും ആ അസ്ഥിത്വം പേറുന്നവര്‍ക്ക് വേണ്ടി നിലകൊണ്ടു. ആദര്‍ശം വാക്കുകളില്‍ മാത്രം ഒതുക്കാത്ത കുഞ്ഞാമനെ തിരിച്ചറിയാന്‍ ആധുനിക സമൂഹത്തിന് സമയം എടുക്കും എന്നത് കൊണ്ടാവണം, ശ്രീകാര്യത്തെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അധികം ആളുകള്‍ ഒന്നും എത്തിയിരുന്നില്ല.
ജാതി വിവേചനങ്ങളോട് സന്ധിയില്ലാതെ പോരാടിയ കുഞ്ഞാമന്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഒരു യുഗത്തിന് തന്നെയാണ് അന്ത്യമാകുന്നത്.
'ഞാന്‍ പോകുന്നു' എന്ന് അദ്ദേഹം കുറിച്ചെങ്കിലും ഇന്നും അസ്തമിക്കാത്ത വിവേചനങ്ങളുടെ നേരെ ഉയരുന്ന എതിര്‍ ശബ്ദങ്ങള്‍ ഒക്കെയും കുഞ്ഞാമന്റെത് കൂടി ആയിരിക്കും. എം.കുഞ്ഞാമന്റെ ഭൗതിക ശരീരം വൈകുന്നേരത്തോടെ തൈക്കാട് ശാന്തികവാടം ഏറ്റുവാങ്ങി...
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">