ആത്മഹത്യ ചെയ്യുമെന്ന് ഷഹ്നയുടെ മെസേജ്, ബ്ലോക്ക് ചെയ്ത് റുവൈസ് , പിന്നാലെ മരണം

By Greeshma Rakesh.08 12 2023

imran-azhar

 

 

തിരുവനന്തപുരം : പി. ജി വിദ്യാർത്ഥി ഡോ. ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്.മരണ ദിവസം ആത്മഹത്യ ചെയ്യുമെന്ന് ഷഹ്ന വാട്സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു.

 

മെസേജ് കിട്ടിയതിനു പിന്നാലെ ഡോ. റുവൈസ് ഷഹ്നയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഷഹ്നയുടെ ഫോണിൽ നിന്നാണ് മെസേജിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിക്കാണ് ഷഹ്ന മെസേജ് അയച്ചത്.

 

വ്യാഴാഴ്ച പുല‍ർച്ചയോടെ കൊല്ലത്തെ വീട്ടിൽ നിന്നാണ് റുവൈസിനെ പിടികൂടിയത്. റുവൈസിന്റെ ഫോണിലെ മെസെജുകൾ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഷഹ്നക്ക് അയച്ച മെസേജുകളാണ് മായ്ച്ചുകളഞ്ഞിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.ഈ സന്ദേശങ്ങൾ വീണ്ടെടുക്കാൻ ഫോൺ സൈബർ പരിശോധനയക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത റുവൈസിനെ വ്യാഴാഴ്ച റിമാൻഡ് ചെയ്തിരുന്നു.

 

 

ഡോ. ഷഹ്നയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പൊലീസ് എഫ് ഐആറിലുളളത്. ഷഹ്നയുടെ കുടുംബത്തിന് സ്ത്രീധനം നൽകാനാകാത്തതിനാൽ വിവാഹ ബന്ധത്തിൽ നിന്നും റുവൈസ് പിൻമാറിയതാണ് ഡോ.ഷഹ്നയുടെ ആത്മഹത്യക്ക് കാരണമായത്.ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

 


കേസിൽ കുറ്റപത്രം സമയബന്ധിതമായി നൽകാനാണ് പൊലിസിന്റെ തീരുമാനം. ഇതിനായി തെളിവെടുപ്പുകള്‍ക്കായാണ് റൂവൈസിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ പേർ പ്രതികളാകും. കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ ബന്ധുക്കളെ പ്രതിചേർക്കാനാണ് പൊലീസിന്റെ തീരുമാനം. ബന്ധുക്കൾ സ്ത്രീധന തുക ചോദിക്കുകയും സമ്മർദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ അമ്മ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റുവൈസിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും.

 

 


റുവൈസും ഷഹ്നയും തമ്മിലുള്ള ബന്ധം വിവാഹനിശ്ചയത്തിലേക്ക് എത്തിയിരുന്നു. പക്ഷെ ഭീമമായ സ്ത്രീധനം ചോദിച്ച് റുവൈസ് ഷഹ്നയെ സമ്മർദ്ദത്തിലാക്കി. കടുത്ത മാനസികസമർദ്ദത്തിലായ ഷഹ്ന അത് താങ്ങാനാകാതെ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

OTHER SECTIONS