
തിരുവനന്തപുരം: ഡോ.ഷഹന ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി കോടതി.അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് നിരീക്ഷിച്ച തിരുവനന്തപുരം സ്‌പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അധിക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനി ഡോ. ഷഹന ജീവനൊടുക്കിയത്.സംഭവത്തില്‍ റുവൈസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോ. ഷഹനയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമ വകുപ്പും ചേര്‍ത്താണ് ഡോക്ടര്‍ റുവൈസിനെ കേസെടുത്തിരിക്കുന്നത്.
ഷഹനയെ സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടതാണ് ഷഹനയുടെ മരണത്തിന് ഇടയാക്കിയത്. പ്രതിയുടെ പേര് ഷഹനയുടെ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടി. ഈ മാസം 21വരെയാണ് റുവൈസിന്റെ റിമാന്‍ഡ് കാലാവധി.