'കേരളം സ്‌നേഹമാണ്', പച്ചമലയാളത്തില്‍ പറയുന്നത് നാഗാലാന്‍ഡ് സ്വദേശി ഡോ. വിസാസോ കിക്കി

'കേരളം ഇഷ്ടമാണെന്നു മാത്രമല്ല, കേരളം സ്നേഹമാണെന്നും ഞാന്‍ പറയും'-പച്ചമലയാളത്തില്‍ പറയുന്നത് നാഗാലാന്‍ഡ് സ്വദേശി. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി, പത്തുവര്‍ഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന നാഗാലാന്‍ഡ് സ്വദേശി ഡോ. വിസാസൊ കിക്കിയാണ് കേരളത്തോടുളള സ്‌നേഹം പറയുന്നത്.

author-image
Web Desk
New Update
'കേരളം സ്‌നേഹമാണ്', പച്ചമലയാളത്തില്‍ പറയുന്നത് നാഗാലാന്‍ഡ് സ്വദേശി ഡോ. വിസാസോ കിക്കി

തിരുവനന്തപുരം: 'കേരളം ഇഷ്ടമാണെന്നു മാത്രമല്ല, കേരളം സ്നേഹമാണെന്നും ഞാന്‍ പറയും'-പച്ചമലയാളത്തില്‍ പറയുന്നത് നാഗാലാന്‍ഡ് സ്വദേശി. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി, പത്തുവര്‍ഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന നാഗാലാന്‍ഡ് സ്വദേശി ഡോ. വിസാസൊ കിക്കിയാണ് കേരളത്തോടുളള സ്‌നേഹം പറയുന്നത്.

കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നല്‍കിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങള്‍ വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. നാഗാലാന്‍ഡ് മന്ത്രി ജേക്കബ് ഷിമോമി വീഡിയോ പങ്കുവച്ചതോടെ ഡോ. വിസാസൊയുടെ വാക്കുകള്‍ ദേശീയ ശ്രദ്ധ നേടി. വിസാസോ കേരളത്തെ കുറിച്ചുള്ള തന്റെ ഇഷ്ടം പങ്കുവയ്ക്കുന്ന കേരള കോണ്രിക്കിള്‍സ് ഓഫ് എ നാഗലാന്‍ഡ് ഡോക്ടര്‍' എന്ന ഹ്രസ്വ വീഡിയോ കേരളീയം മഹോത്സവത്തിന്റെ ഭാഗമായി പി.ആര്‍.ഡിയാണ് തയാറാക്കിയത്.

നാഗാലാന്‍ഡ് മന്ത്രിക്കു പിന്നാലെ സംസ്ഥാന തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷും വീഡിയോ പങ്കുവച്ചു.

ഗുവാഹത്തിയില്‍ വച്ചുണ്ടായ ട്രെയിന്‍ അപകടത്തേത്തുടര്‍ന്ന് കാല്‍പ്പാദം മുറിച്ചുകളയേണ്ടിവന്ന ദുരന്തമേറ്റു വാങ്ങിയ എട്ടാം ക്ലാസുകാരന്‍. കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എം.എസും പൂര്‍ത്തിയാക്കി ഡോ. വിസാസൊ ആയി കേരളം വിടുന്ന യാത്രയാണിത്.

2013ല്‍ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയ വിസാസൊ മെഡിക്കല്‍ പഠനത്തിന് കേരളം തിരഞ്ഞെടുക്കാന്‍ കാരണം കൊഹിമയിലെ അയല്‍ക്കാരായ മലയാളി അധ്യാപകരാണ്. അങ്ങനെയാണ് പഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുന്നത്.

കേരളത്തിലെത്തി രണ്ടുവര്‍ഷം കൊണ്ട് മലയാളം പഠിച്ചെടുത്ത വിസാസൊ ആശുപത്രിയിലെത്തുന്ന രോഗികളോടു സംസാരിക്കുന്നതും മലയാളത്തിലാണ്. കോഴിക്കോട് ആദ്യമായി നിപ ബാധയുണ്ടായപ്പോള്‍ നിപ പോരാളികളിലൊരാളായി സേവനരംഗത്തുണ്ടായിരുന്നു വിസാസൊ.

കൗമാരത്തില്‍ ഒരു ട്രെയിന്‍യാത്രയ്ക്കിടെ സ്റ്റേഷനില്‍ ഇറങ്ങിയ വിസാസൊ ട്രെയിന്‍ വിട്ടു പോകുന്നതു കണ്ടു ചാടിക്കയറിയപ്പോഴുണ്ടായ അപകടത്തിലാണ് കാല്‍പാദം നഷ്ടമായത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ പഠനത്തിനു വന്നപ്പോഴാണ് മുട്ടിനുതാഴെവച്ചു വീണ്ടും ശസ്ത്രക്രിയിലൂടെ മുറിച്ചുനീക്കി കൃത്രിമ ജയ്പുര്‍ കാല്‍ വച്ചുപിടിപ്പിച്ചത്.

ഒറ്റക്കാലില്‍ ജീവിതത്തെ വെല്ലുവിളിയോടെ നോക്കിക്കണ്ട വിസാസൊ 2015ലെ കൊച്ചി മാരത്തണില്‍ പങ്കെടുത്തു! അതിനുശേഷം എല്ലാ മാരത്തണുകളിലും പങ്കെടുക്കുന്നുണ്ട്.

കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് അത്രയേറെ മതിപ്പോടെയാണ് ഡോ. വിസാസൊ സംസാരിക്കുന്നത്.
ഇവിടുത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും, സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെയും ശൃംഖല അടക്കമുള്ളവയും റഫറല്‍ സംവിധാനവും ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജും എല്ലാം മാതൃകയാക്കണമെന്ന് ഡോ. വിസാസൊ കിക്കി പറയുന്നു.

kerala india nagaland