/kalakaumudi/media/post_banners/10bd73e831aa409d0f29db716673e724e6d7760f141363b7742ca3ae3ab91524.jpg)
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ തീര്‍ക്കുന്ന മനുഷ്യച്ചങ്ങല ആരംഭിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ലക്ഷക്കണക്കിന് ജനങ്ങളാണ് മനുഷ്യചങ്ങലയില്‍ അണിനിരന്നത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനു മുന്നില്‍നിന്നു തുടങ്ങിയ മനുഷ്യച്ചങ്ങല തിരുവനന്തപുരം രാജ്ഭവന്‍ വരെയാണു നീളുന്നത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനു മുന്നില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പി.കെ.ശ്രീമതി മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എംപിയാണു മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണി. ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്‍ രാജ്ഭവന് മുന്നില്‍ അവസാന കണ്ണിയാകും. ഇ.പി.ജയരാജന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസംഗിക്കും. റെയില്‍വേ യാത്രാ ദുരിതം, സില്‍വര്‍ ലൈനിന് കേന്ദ്ര അനുമതി ലഭിക്കാത്തത് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെ മറ്റു ജില്ലകളിലൂടെയെല്ലാം ചങ്ങല തീര്‍ക്കും. വയനാട്ടില്‍ കല്‍പറ്റ മുതല്‍ മുട്ടില്‍ വരെ 10 കിലോമീറ്റര്‍ ഉപചങ്ങലയും തീര്‍ക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവര്‍ത്തകര്‍ സമീപജില്ലകളിലെ ചങ്ങലയില്‍ പങ്കാളികളാകും.