/kalakaumudi/media/post_banners/075db83c970b8d5db9f3490639cad1cf42c68fce0da82047d2109bb7a96ef7f4.jpg)
തിരുവനന്തപുരം: ഇ- ദേശീയപാത വരുന്നതോടു കൂടി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും സാധിക്കും. വൈദ്യുതവാഹനങ്ങളുടെ ചാര്‍ജിങ്ങിനായി സി-ഡാക് വികസിപ്പിച്ച കോയിലുകള്‍ ഇ-ദേശീയപാത നിര്‍മാണത്തിന് ഉപയോഗിക്കും. വൈദ്യുതി വഹിക്കുന്ന കമ്പിച്ചുരുളുകളാണ് കോയിലുകള്‍. ഇവയില്‍നിന്ന് വാഹനത്തിലേക്ക് നേരിട്ട് വൈദ്യുതി സ്വീകരിക്കാനാവും വിധമുള്ള പാതകളാണ് ഇ-പാത.
രാജ്യത്തെ ദേശീയപാതയില്‍ 6000 കിലോമീറ്റര്‍ഭാഗം വൈദ്യുതവണ്ടികള്‍ക്കുള്ള ഇലക്ട്രോണിക് പാതയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സി-ഡാക് വികസിപ്പിച്ച ട്രാന്‍സ്മിറ്റിങ്, റിസീവിങ് കോയിലുകള്‍ ഉപയോഗിക്കാനുള്ള സാധ്യതകളാണ് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം പരിശോധിക്കുന്നത്. ഈ മാസം അവസാനം തിരുവനന്തപുരം സി-ഡാക്കിലെ ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. വിശദ റിപ്പോര്‍ട്ടുമായെത്താനാണ് നിര്‍ദേശം.
സി-ഡാക്കിന്റെ ചാര്‍ജിങ് കോയിലുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ അനുമതി ലഭിച്ചതോടെയാണ് ഇത് ദേശീയപാത നിര്‍മാണത്തിലേക്ക് നീട്ടാനുള്ള സാധ്യതകള്‍ തേടിയത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രത്യേക സ്ഥലത്ത് ഉപയോഗിച്ചശേഷമാകും വിജയമായെന്ന് കണ്ടാല്‍ ഇ-ഹൈവേ നിര്‍മാണം വ്യാപിപ്പിക്കുക.
കേരളത്തില്‍ പുതുതായി നിര്‍മിക്കുന്ന റോഡുകള്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നില്ലെങ്കിലും ഭാവിയില്‍ കൊണ്ടുവന്നേക്കാമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ഓടുമ്പോള്‍ ചാര്‍ജിങാണ് ഇ- ദേശീയപാതയുടെ മറ്റൊരു പ്രത്യേകത. ഇലക്ട്രോണിക് പാതയ്ക്ക് പ്രധാന റോഡിന്റെ സമീപത്തായി പ്രത്യേക ട്രാക്ക് ഒരുക്കും. റോഡിന്റെ പ്രതലത്തില്‍ ട്രാന്‍സ്മിറ്റിങ് കോയിലുകള്‍ ഘടിപ്പിക്കും. അഞ്ച് കിലോവാട്ടിന്റെ കോയിലുകളാകും ഇവിടെ ഉപയോഗിക്കുക. വാഹനങ്ങളുടെ അടിയില്‍ ഘടിപ്പിച്ചിരിക്കുന്ന റീസിവിങ് കോയില്‍, റോഡിലെ ട്രാന്‍സ്മിറ്റിങ് കോയിലുമായി ഒരേ ദിശയില്‍ വരുമ്പോള്‍ ബാറ്ററിയിലേക്ക് ചാര്‍ജ് കൃത്യമായി കയറും. ഡൈനാമിക് ചാര്‍ജിങ് എന്നാണ് ഇതിനു പറയുക. 100 ആംപിയര്‍വരെ ചാര്‍ജാണ് ചെയ്യുക.
ട്രാന്‍സ്മിറ്റിങ് കോയിലിലേക്ക് ഭൂഗര്‍ഭസംവിധാനത്തിലൂടെ വൈദ്യുതി എത്തിക്കും. സംവിധാനത്തിന് ചെലവേറും. വാഹനത്തിന്റെ ഐ.ഡി. ഉപയോഗിച്ച് ചാര്‍ജിങ്ങിനുള്ള നിരക്കും ഈടാക്കും. .