/kalakaumudi/media/post_banners/b3c07a821e775ede9ac5b7c22f8236b8e3370dfc468add0821c1f15565d18441.jpg)
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ഭൂചലനത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
ഡല്‍ഹി അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിവിധ പ്രദേശങ്ങളുമായ ആശയ വിനിമയം സാധ്യമാവാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പടിഞ്ഞാറന്‍ നേപ്പാളിലെ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തില്‍ പ്രാദേശിക സമയം രാത്രി 11.47ഓടെയാണ് ഭൂചലനമുണ്ടായതെന്നും പരിക്കേറ്റവരുടെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായും നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു.
നേപ്പാളിലെ രണ്ട് ജില്ലകളെയാണ് ഭൂചലനം ബാധിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജജാര്‍കോട്ട് ജില്ലയില്‍ 26 പേര്‍ മരിച്ചതായി ജില്ലാ മേധാവി സുരേഷ് സുനാര്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.
രാത്രിയായതിനാല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം അറിയിച്ചു. തൊട്ടടുത്ത റുകും വെസ്റ്റില്‍ കുറഞ്ഞത് 30 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് മേധാവി നംരാജ് ഭട്ടറായ് അറിയിച്ചു.
നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു വീണതായും പലരും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റോഡുകള്‍ തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നേപ്പാളില്‍ ഭൂചലനമുണ്ടായ പ്രദേശത്തു നിന്ന് 500 കിലോമീറ്ററോളം അകലെയുള്ള ഡല്‍ഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി ജനങ്ങള്‍ പറഞ്ഞു. യു.പി, ഡല്‍ഹി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
