/kalakaumudi/media/post_banners/21b2e5da07d3218736e02e27375526f2bf7b3627cc79e06d7c2aac0da6667495.jpg)
ന്യൂഡല്‍ഹി: 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നോര്‍ത്ത് ഇംഫാല്‍ ഇഡി ഓഫീസറെയും മറ്റൊരാളെയും രാജസ്ഥാന്‍ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. പരാതിക്കാരന്റെ ഇംഫാലിലെ സ്വത്ത് കണ്ടുകെട്ടാതിരിക്കാനും ഇംഫാലിലെ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യാതിരിക്കാനുമാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് ജയ്പൂരിലെ എ.സി.ബി ഡെപ്യൂട്ടി ഇന്‍സ്പക്ടര്‍ ജനറല്‍ ഡോ.രവി പറഞ്ഞു.
പരാതി പരിശോധിച്ച എ.സി.ബി സംഘം 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോ. രവിയുടെ നേതൃത്വത്തിലുള്ള സംഘം ഇഡി ഓഫീസര്‍ നവല്‍ കിഷോര്‍ മീണയെയും കൂട്ടാളി ബാബുലാല്‍ മീണയെയും പിടികൂടിയത്. ഇരുവരും ജയ്പൂരിലെ ബസ്സി സ്വദേശികളാണ്.
എ.സി.ബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഹേമന്ത് പ്രിയദര്‍ശിക്കാണ് പരാതി ലഭിച്ചത്. രണ്ട് പേരെയും ചോദ്യം ചെയ്തുവരികയാണെന്നും ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഹേമന്ത് പ്രിയദര്‍ശി പറഞ്ഞു.
വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ് ലോട്ടിനെ ചോദ്യം ചെയ്തു ദിവസങ്ങള്‍ക്കകമാണ് ഇഡി ഉയോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നത്.