/kalakaumudi/media/post_banners/ada7fbd5e8effbc01909d93c0243d5aa6d384cdb6038d7d55fb20091fc3a6542.jpg)
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടിസ് അയച്ചു. തിങ്കളാഴ്ച കൊച്ചി ഇ.ഡി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. മുന്‍പ് ഈ മാസം 12 ന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 21 വരെ തനിയ്ക്ക് ചില തിരക്കുകളുള്ളതിനാല്‍ വരാന്‍ കഴിയില്ലെന്ന മറുപടിയാണ് തോമസ് ഐസക്ക് നല്‍കിയത്. ഇതോടെയാണ് ഈ മാസം 22 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.
ചട്ടം ലംഘിച്ചു പണം വകമാറ്റി ചെലവഴിച്ചതായി ലഭിച്ച തെളിവുകളില്‍നിന്നു വ്യക്തമാണെന്നാണ് ഇ.ഡിയുടെ നിലപാട്. കേരളത്തിലെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്കാണു കിഫ്ബിയില്‍ നിന്നുള്ള പണം വിനിയോഗിച്ചതെന്നും വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നുമാണ് കിഫ്ബിയുടെ വാദം. ഈ അന്വേഷണത്തിന്റെ പേരില്‍ ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനെന്ന പേരില്‍ ഒന്നരവര്‍ഷമായി ഇ.ഡി കിഫ്ബി ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുകയാണെന്നു കാണിച്ച് കിഫ്ബിയും തോമസ് ഐസക്കും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതുവരെ അയച്ച സമന്‍സുകള്‍ പിന്‍വലിക്കുമെന്ന് ഇ.ഡി അറിയിച്ചതിനെ തുടര്‍ന്നു ഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു. കേസില്‍ അന്വേഷണം വിലക്കണമെന്ന കിഫ്ബിയുടെ ആവശ്യം കോടതി അനുവദിച്ചില്ല. അന്വേഷണത്തില്‍ ഇടപെടാനും ഹൈക്കോടതി തയാറായില്ല. അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കൈമാറാമെന്ന ഇ.ഡിയുടെ നിര്‍ദേശവും പ്രോത്സാഹിപ്പിച്ചില്ല. വസ്തുതകളുമായി ബന്ധമില്ലാത്ത കാടടച്ചുള്ള അന്വേഷണം ഇ.ഡി നടത്തരുതെന്നു മാത്രമാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.