/kalakaumudi/media/post_banners/b7b890f7fbb027ec4d593ecb7a763109d5a544940610cce8e9af28e89d4ff593.jpg)
കെ.പി.രാജീവന്‍
ന്യൂഡല്‍ഹി: നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് സംവിധാനം സുതാര്യമല്ലെന്ന് സുപ്രീം കോടതിയുടെ പരാമര്‍ശം. ഭരണകക്ഷിക്ക് ആരൊക്കെ സംഭാവന നല്‍കുന്നുവെന്ന് പ്രതിപക്ഷത്തിന് അറിയില്ലെന്നും എന്നാല്‍ പ്രതിപക്ഷത്തിന് സംഭാവന നല്‍കുന്നവരെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളിലൂടെ ഭരണകക്ഷിക്ക് അറിയാനാകുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് ജെ.ബി. പര്‍ദ്ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ ലഭിക്കുന്ന ഇലക്ടറല്‍ ബോണ്ടുകളുടെ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
അത് പോലെ ഭരണകക്ഷിക്ക് എന്ത് കൊണ്ടാണ് കൂടുതല്‍ സംഭാവന കിട്ടുന്നതെന്ന് കോടതി ചോദിച്ചു. എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്ന പദ്ധതി എന്ത് കൊണ്ട് സര്‍ക്കാരിന് നടപ്പാക്കി കൂടെന്നും കോടതി ആരാഞ്ഞു. ദാതാക്കളുടെ വിവരങ്ങള്‍ മറച്ചുവെച്ചാല്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് എങ്ങനെ കണ്ടെത്താനാകും. ഇലക്ടറല്‍ ബോണ്ട് വാങ്ങുന്നയാള്‍ തന്നെയാണോ സംഭാവന നല്‍കിയ യഥാര്‍ത്ഥ വ്യക്തിയെന്ന് ഉറപ്പ് നല്‍കാന്‍ കഴിയാത്തതാണ് ഈ സംവിധാനത്തിലെ രഹസ്യ സ്വഭാവം അര്‍ത്ഥമാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിരീക്ഷിച്ചു.
എന്നാല്‍ കള്ളപ്പണം തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത് തടയാനാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഒന്നോ രണ്ടോ വ്യക്തികള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയെ വിലയിരുത്തരുത്. അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതി കോടതി റദ്ദാക്കിയാലും രാഷ്ട്രീയത്തിലെ കള്ളപ്പണം തടയാന്‍ കേന്ദ്രസര്‍ക്കാരിന് മികച്ച പദ്ധതി കൊണ്ടുവരുന്നതിന് തടസ്സമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിരീക്ഷിച്ചു. ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ വ്യാഴാഴ്ചയും തുടരും.