/kalakaumudi/media/post_banners/fdab4ffd7df6b2b12c702e4f73f1785ec2ff6a09857c545123ac7c4bc9783b08.jpg)
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം എസ്ബിഐ കൈമാറിയ തിരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. 15 ന് വൈകിട്ട് 5 മണിക്കുള്ളില്‍ വിവരങ്ങള്‍ കമ്മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നത്.
2019 ഏപ്രില്‍ 12 മുതല്‍ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂന്നു മൂല്യങ്ങളിലുള്ള ബോണ്ടുകളുടെ വിവരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് ബിജെപിക്കാണ്. ആകെ സംഭാവനയുടെ 46.74 ശതമാനവും ബിജെപിക്കാണ് കിട്ടിയത്.
രണ്ടു പട്ടികകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യത്തേത് കടപ്പത്രം വാങ്ങിയ കമ്പനികളുടേതാണ്. മറ്റൊന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുകളും ബോണ്ടുകളുടെ മൂല്യങ്ങളും അവ എന്‍ക്യാഷ് ചെയ്ത തീയതികളും ഉണ്ട്. എന്നാല്‍ ഓരോ പാര്‍ട്ടിക്കും ആരുടെയെല്ലാം പണം ലഭിച്ചുവെന്ന വിവരമില്ല.
മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്, പെഗാസസ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ്, ബജാജ് ഓട്ടോ ലിമിറ്റഡ്, ബജാജ് ഫിനാന്‍സ്, ഐടിസി, അള്‍ട്രാ ടെക് സിമന്റ് തുടങ്ങിയ കമ്പനികള്‍ ബോണ്ട് വാങ്ങിയവരുടെ പട്ടികയിലുണ്ട്. അദാനി, റിലയന്‍സ് കമ്പനികളുടെ പേര് പട്ടികയിലില്ല.
ചൊവ്വാഴ്ചയാണ് കടപ്പത്രത്തിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് എസ്ബിഐ കൈമാറിയത്. വിവരങ്ങള്‍ നല്‍കാന്‍ സാവകാശം തേടിയുള്ള എസ്ബിഐയുടെ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ജൂണ്‍ 30 വരെ സാവകാശം ആവശ്യപ്പെട്ടാണ് എസ്ബിഐ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. കയ്യിലുള്ള വിവരങ്ങള്‍ നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.