കേന്ദ്രത്തിന് തിരിച്ചടി; ​ഇലക്ട്രറൽ ബോണ്ട് സംവിധാനം ഭരണഘടനാവിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീംകോടതി

കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇലക്ട്രറൽ ബോണ്ട് സംവിധാനം ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും സുപ്രീംകോടതിയുടെ നിർണായക വിധി

author-image
Greeshma Rakesh
New Update
കേന്ദ്രത്തിന് തിരിച്ചടി; ​ഇലക്ട്രറൽ ബോണ്ട് സംവിധാനം ഭരണഘടനാവിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഇലക്ട്രറൽ ബോണ്ട് കേസിൽ കേന്ദ്രസർക്കാറിന് തിരിച്ചടി. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇലക്ട്രറൽ ബോണ്ട് സംവിധാനം ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും സുപ്രീംകോടതിയുടെ നിർണായക വിധി.ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.

ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്നതാണ് ഇലക്ട്രറൽ ബോണ്ട് പദ്ധതിയെന്ന് വിധിപ്രസ്താവത്തിൽ സുപ്രീംകോടതി വ്യക്തമാക്കി.നയരൂപീകരണത്തിൽ ഉൾപ്പടെ ഇങ്ങനെ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്നവർ ഇടപെടാൻ സാധ്യതയുണ്ട്.കള്ളപ്പണം തടയുന്നതിനുള്ള ഏകപോംവഴി ഇലക്ട്രറൽ ബോണ്ടല്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

 

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്ന രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളുടെ വോട്ട് സംബന്ധിച്ച തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

അതിനാൽ ഇലക്ട്രറൽ ബോണ്ടിലേക്ക് സംഭാവന നൽകുന്നവരുടെ പേര് രഹസ്യമായി വെക്കുന്നത് വിവരാവകാശ നിയമത്തിന്റേയും ഭരണഘടനയുടെ 19(1)എ വകുപ്പിന്റേയും ലംഘനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഇലക്ട്രറൽ ബോണ്ടുകളുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതി വിധി. ബോണ്ടുകൾ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിനെതിരെ സി.പി.എം, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.

election central government electoral bonds Supreme Court