/kalakaumudi/media/post_banners/1d926de2ee84978563f4a1c962c9c620717ab5b432e10e2934e3feba0f95a4f7.jpg)
തിരുവനന്തപുരം: വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള നിരക്കുകളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി അധികൃതര്‍. സപ്ലൈ കോഡ് ഭേദഗതി നിലവില്‍ വരുന്നതോടെയാണ് പുതിയ മാറ്റത്തിന് ഒരുങ്ങുന്നത്. പുതിയ കണക്ഷന്‍ നല്‍കാന്‍ പോസ്റ്റ് ഇട്ട് ലൈന്‍ വലിക്കുന്നതിന്റെയും മറ്റും ചെലവ് കണക്കാക്കിയാണ് ഇപ്പോള്‍ ഫീസ് ഈടാക്കുന്നത്. ഇതിനു പകരം നിശ്ചിത കിലോവാട്ടിന് സംസ്ഥാനം മുഴുവന്‍ ഒരേ നിരക്ക് നടപ്പാക്കുന്നത് റഗുലേറ്ററി കമ്മിഷന്റെ പരിഗണനയിലുണ്ട്.
അതേസമയം, 5 കിലോവാട്ടില്‍ കൂടുതല്‍ കണക്ടഡ് ലോഡുള്ള ഉപയോക്താക്കള്‍ ത്രീ ഫെയ്‌സിലേക്കു മാറണമെന്ന ചട്ടം ബോര്‍ഡ് നടപ്പാക്കുമോയെന്ന് ഉപയോക്താക്കള്‍ക്ക് ആശങ്കയുണ്ട്. സപ്ലൈ കോഡ് അനുസരിച്ച് 5 കിലോവാട്ടില്‍ കൂടുതല്‍ കണക്ടഡ് ലോഡുള്ളവര്‍ ത്രീഫെയ്‌സ് കണക്ഷന്‍ എടുക്കണം. നിരക്കു വര്‍ധിപ്പിച്ചു റഗുലേറ്ററി കമ്മിഷന്‍ ഇറക്കിയ ഉത്തരവിലും ഇക്കാര്യം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഇതു കര്‍ശനമായി നടപ്പാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ത്രീ ഫെയ്‌സ് വൈദ്യുതി ലൈനുള്ള സ്ഥലങ്ങളില്‍ സര്‍വീസ് വയര്‍, മീറ്റര്‍ തുടങ്ങിയവ മാറ്റി സ്ഥാപിച്ചാല്‍ ത്രീഫെയ്‌സ് കണക്ഷന്‍ എടുക്കാം. വീട്ടിലെ മീറ്റര്‍ ബോര്‍ഡിലും മറ്റും ആവശ്യമായ മാറ്റം വരുത്തണം. ഇത് അധികച്ചെലവുണ്ടാക്കും. ദ്വൈമാസ മീറ്റര്‍ വാടക 12 രൂപയില്‍നിന്ന് 30 രൂപയാകും. ത്രീ ഫെയ്‌സ് ലൈന്‍ ഇല്ലാത്തിടത്ത് വലിക്കേണ്ടി വരും. പുതിയ ലൈന്‍ വലിച്ചു കണക്ഷന്‍ നല്‍കണമെന്നു കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.