/kalakaumudi/media/post_banners/71e44c2c49f6efa0c3e503b88d9285f5a14aabba9dc678e177080442f7092e92.jpg)
ലഖ്‌നൗ: പാകിസ്താൻ ചാരസംഘടനയ്ക്ക് ഇന്ത്യൻ സൈനിക രഹസ്യങ്ങൾ ചോർത്തിനൽകിയ മോസ്കോയിലെ എംബസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർ പ്രദേശ് സ്വദേശി സതേന്ദ്ര സിവാൽ ആണ് പിടിയിലായത്. ഉത്തർ പ്രദേശ് ഭീകരവാദ വിരുദ്ധ സ്‌ക്വാഡാണ് സതേന്ദ്രയെ മീററ്റിൽനിന്ന് അറസ്റ്റ് ചെയ്തത്. വിദേശകാര്യ വകുപ്പിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (എം.ടി.എസ്.) ആയിരുന്നു സതേന്ദ്ര.
വിദേശകാര്യ വകുപ്പ് ജീവനക്കാരിൽനിന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐ. വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് എ.ടി.എസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇന്ത്യൻ പട്ടാളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി നൽകുന്നതിന് പണമായിരുന്നു ഇയാൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഹാപുരിലെ ഷാ മൊഹിയുദ്ദീൻപുർ ഗ്രാമവാസിയാണ് സതേന്ദ്ര. ചാരപ്രവർത്തന ശൃംഖലയിലെ നിർണായക കണ്ണിയാണ് ഇയാൾ.
മോസ്‌കോയിലെ ഇന്ത്യൻ എംബസിയിലെ തന്റെ സ്ഥാനം ഉപയോഗിച്ച് രഹസ്യരേഖകൾ സതേന്ദ്ര ചോർത്തിയെന്നാണ് കണ്ടെത്തൽ. ചോദ്യം ചെയ്യലിനായി ഇയാളെ മീററ്റിലെ എ.ടി.എസ്. ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ചോദ്യംചെയ്യലിൽ ഇയാൾക്ക് തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞില്ല. തുടർന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ 2021 മുതൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് (ഐ.ബി.എസ്.എ.) ആയി ജോലി ചെയ്തുവരികയായിരുന്നു സതേന്ദ്ര.