/kalakaumudi/media/post_banners/dc3878e8411037d1d4ac02e0f6d83e76e313fbc1ab9f592216b84d9bee02c41e.jpg)
കൊച്ചി: കുസാറ്റില്‍ ഗാനമേളയ്ക്കിടെയുണ്ടായ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് മുന്‍ പ്രിന്‍സിപ്പല്‍. പരിപാടിക്കായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. കേസില്‍ തന്നെ ബലിയാടാക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. ഹര്‍ജി ഫെബ്രുവരി 2ന് ഹൈക്കോടതി പരിഗണിക്കും.
പരിപാടിയുടെ സംഘാടനത്തില്‍ അധ്യാപകര്‍ അശ്രദ്ധ കാട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ക്യാംപസുകളില്‍ കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കെഎസ്യു ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, മാര്‍ഗരേഖയുടെ പകര്‍പ്പ് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ദുരന്തത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടി. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണത്തെക്കുറിച്ച് സര്‍വകലാശാലയും റിപ്പോര്‍ട്ട് നല്‍കണം.