കോവിഡ് പ്രതിരോധ മികവ് : കലാകൗമുദി പുരസ്കാരം കറുകുറ്റി ഗ്രാമപഞ്ചായത്തിന്

എറണാകുളം ജില്ലയിൽ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുള്ള കലാകൗമുദി പുരസ്‌കാരത്തിന് കറുകുറ്റി ഗ്രാമ പഞ്ചായത്ത് അർഹരായി.

author-image
Greeshma Rakesh
New Update
കോവിഡ് പ്രതിരോധ മികവ് : കലാകൗമുദി പുരസ്കാരം കറുകുറ്റി ഗ്രാമപഞ്ചായത്തിന്

അങ്കമാലി: എറണാകുളം ജില്ലയിൽ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുള്ള കലാകൗമുദി പുരസ്‌കാരത്തിന് കറുകുറ്റി ഗ്രാമ പഞ്ചായത്ത് അർഹരായി. "കലാകൗമുദി ആദരവ് -2023" ഭാഗമായി അങ്കമാലി - കാലടി ന്യൂസ്‌ ബ്യൂറോയുടെ നേതൃത്വത്തിൽ കറുകുറ്റി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ആദരവ് മേളയിൽ പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജോ പോൾ, മെമ്പർമാരായ കെ.പി അയ്യപ്പൻ, ജിഷ സുനിൽ, ആൽബി വർഗീസ് എന്നിവർ ചേർന്ന് കലാകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫ് ബി.വി അരുൺകുമാറിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

കേരളത്തിനു തന്നെ മാതൃകയായി മാറിയ ബെന്നി ബഹന്നാൻ എംപി യുടെ സാഗി ആദർശ ഗ്രാമം പദ്ധതി വഴി ഒന്നാകാനും ഒന്നാമതാകാനുമാനുള്ള ശ്രമത്തിലാണ് കറുകുറ്റി. കോവിഡ് മഹാമാരി കാലഘട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ എറണാകുളം ജില്ലയുടെ വടക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ഡൊമിസിലിറി കോവിഡ് സെന്റർ പ്രവർത്തിക്കുകയും വേസ്റ്റ് മാനേജ്മെന്റ് നല്ല രീതിയിൽ കൈകാര്യം ചെയ്യുകയുണ്ടായി.

പഞ്ചായത്തിൻ്റെ തനതു ഫണ്ടും പ്ലാൻ ഫണ്ടും എടുക്കാതെ തന്നെ കോവിഡ് കാലത്ത് 40 ദിവസം നീണ്ടു നിന്ന സാമൂഹ്യ അടുക്കള വഴി സ്വാദിഷ്ടമായ പതിനയ്യായിരത്തോളം ഭക്ഷണ പൊതികൾ കോവിഡ് ബാധിതരുടെ വീടുകളിൽ എത്തിച്ചു കൊടുത്തു. ലോക്ഡൗൺ കാലഘട്ടത്തിൽ തെരുവുകളിലും ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ജനങ്ങളുടെ ഇടയിൽ നിന്നും സാമ്പത്തീകവും ഭക്ഷ്യ ഉല്പന്നങ്ങളും ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചായിരുന്നു അടുക്കള നടത്തിപ്പ്.

ഇരുന്നൂറിൽപ്പരം വരുന്ന ടാസ്ക് ഫോഴ്സ് അംഗങ്ങൾ വഴി വൻ സന്നദ്ധ സേവനം കാഴ്ച വച്ചു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതശരീരങ്ങൾ അടക്കം ചെയ്യാൻ ഈ സന്നദ്ധ സേവകർ മികവുറ്റ സേവനമാണ് നടത്തിയത്. എല്ലാ പഞ്ചായത്തുകളിലും വാക്സിനേഷൻ സെന്റർ ഒന്നു മാത്രമായി ഒതുങ്ങിയപ്പോൾ രണ്ട് മേഖലയായി തിരിച്ച് രണ്ട് സെന്ററുകളിലായി അധികം പേർക്ക് വാക്സിനേഷൻ യഥാസമയം നൽകാനായി. കോവിഡ് കാലഘട്ടത്തിലെ പ്രവർത്തന മികവിന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നുള്ള ഉപഹാരം നേടാൻ കഴിഞ്ഞു. ബ്ലോക്ക് തല ആരോഗ്യ മേളയിൽ ഒന്നാം സ്ഥാനവും ലഭിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തന മികവിന് പുറമെ കേരളോത്സവത്തിൽ കഴിഞ്ഞ രണ്ട് വർഷമായി കറുകുറ്റി പഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. നൂറ് ശതമാനം ടാക്സ് പിരിക്കുന്ന കാര്യത്തിലും കഴിഞ്ഞ മൂന്ന് വർഷക്കാലമായി സർക്കാരർ ഗ്രാൻ്റിനർഹരായി പ്രവർത്തിച്ചു പോരുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി തരിശു കിടന്ന 65 ഏക്കർ സ്ഥലത്ത് കൃഷിയും ചെയ്തു പോരുന്നു.

മൂന്ന് ദിവസം നീണ്ടു നിന്ന മൺതാളം എന്ന കർഷകോത്സവം പരിപാടിയിലൂടെ കർഷക സെമിനാറുകൾ, സിമ്പോസിയങ്ങൾ, കർഷകരെ ആദരിക്കൽ, നാടൻ കലാരൂപങ്ങളുടെ പ്രദർശനം,, കർഷിക മത്സരങ്ങൾ, എന്നിവ സംഘടിപ്പിച്ചിരുന്നു. തൊഴിലുറപ്പ് മേഖലയിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നാമതാണ് കറുകുറ്റി.

kalakaumudi award excellence in covid prevention kalakaumudi award karukutty gram panchayat