/kalakaumudi/media/post_banners/7220c26094a06843778ffdb656c884fb77e2558ee100f017d716cb59dc4ad738.jpg)
ന്യൂഡല്‍ഹി: ഗ്രേറ്റര്‍ കൈലാഷില്‍ വ്യാജ ഡോക്ടര്‍മാരും സംഘവും അറസ്റ്റില്‍. വര്‍ഷങ്ങളായി ക്ലിനിക്കില്‍ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത വ്യാജന്മാരാണ് പിടിയിലായത്. ചികിത്സയ്ക്കിടെ നിരവധി പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 2 രോഗികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡോ. നീരജ് അഗര്‍വാള്‍, ഭാര്യ പൂജ അഗര്‍വാള്‍, ഡോ. ജസ്പ്രീത് സിങ്, മുന്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ മഹേന്ദര്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്. ക്ലിനിക്കില്‍ ഡോക്ടര്‍ ചമഞ്ഞ് പൂജ അഗര്‍വാളും മഹേന്ദറുമാണ് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്.
അസ്ഗര്‍ അലി എന്നയാള്‍ പിത്താശയ ചികിത്സയ്ക്കായി 2022 ലാണ് അഗര്‍വാള്‍ മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റായത്. സര്‍ജന്‍ ഡോ.ജസ്പ്രീത് സിങ് ശസ്ത്രക്രിയ നടത്തുമെന്നാണ് അറിയിച്ചത്. ജസ്പ്രീതിന് പകരം പൂജയും മഹേന്ദറും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്.
ശസ്ത്രക്രിയയ്ക്കു ശേഷം അസ്ഗറിനു കഠിനമായ വേദന അനുഭവപ്പെട്ടു. തുടര്‍ന്നു സഫ്ദര്‍ജങ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്ഗറിന്റെ മരണത്തോടെയാണ് ക്ലിനിക്കിനെയും ഡോക്ടര്‍മാരെയും കുറിച്ചുള്ള തോന്നിയത്. നേരത്തെ മരിച്ച രോഗികളുടെ ബന്ധുക്കളും അതോടെ സംശയവുമായി രംഗത്തെത്തി.
പരാതികളില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഡോ. നീരജ് അഗര്‍വാള്‍ ഫിസിഷ്യന്‍ ആണെങ്കിലും വ്യാജരേഖകള്‍ തയാറാക്കി സര്‍ജന്‍ ചമഞ്ഞ് ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു.
നാലു ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ക്ലിനിക്കിന്റെ എല്ലാ രേഖകളും ചരിത്രവും പരാതികളും പരിശോധിച്ചു. തുടര്‍ന്നാണ് ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.