നിരോധനാജ്ഞ മുതൽ ബാരിക്കേഡുകളും ഇരുമ്പാണികളും വരെ; കര്‍ഷകറാലിയെ നേരിടാന്‍ യുദ്ധസമാന ഒരുക്കങ്ങളുമായി കേന്ദ്രം

By Greeshma Rakesh.12 02 2024

imran-azhar

 

 

ന്യൂഡല്‍ഹി: ഫെബ്രുവരി 13ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തെ നേരിടാന്‍ ഡല്‍ഹിയിലും ഹരിയാനയിലും വൻ ഒരുക്കങ്ങള്‍. അതിര്‍ത്തികളില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചതിന് പിന്നാലെ ഡല്‍ഹിയിലുടനീളം നിരോധനാജ്ഞ പുറപ്പെടുവിച്ച് ഡല്‍ഹി പോലീസ് ഉത്തരവിറക്കി.ഒരു മാസത്തേക്കാണ് നിരോധനാജ്ഞ.

 

 

റാലികള്‍, സമ്മേളനങ്ങള്‍, കാല്‍നട ജാഥകള്‍ തുടങ്ങി ഒരു തരത്തിലുമുള്ള കൂടിച്ചേരലുകളും മാര്‍ച്ച് 12 വരെ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസിന്റെ ഉത്തരവില്‍ പറയുന്നു.ദേശീയ തലസ്ഥാനത്തേക്ക് ട്രാക്ടറുകള്‍ കടക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.അതിര്‍ത്തികളില്‍ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് ഹരിയാന-ഡല്‍ഹി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്.

 

 

ദേശീയപാതയിലുള്‍പ്പെടെ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും ഞായറാഴ്ച തന്നെ നിരത്തിയിരുന്നു. ഹരിയാന-പഞ്ചാബ് അതിര്‍ത്തി പൂര്‍ണമായും സീല്‍ ചെയ്തിരിക്കുകയാണ്. ഹരിയാനയിലെ ഏഴുജില്ലകളില്‍ ചൊവ്വാഴ്ചവരെ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്.എം.എസ്., സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

 

 


അതെസമയം ഗാസിപുര്‍ അതിര്‍ത്തിയില്‍ റാപ്പിഡ് പോലീസ് ഫോഴ്‌സ് (ആര്‍പിഎഫ്) സംഘത്തെയാണ് കേന്ദ്രം വിന്യസിച്ചിട്ടുള്ളത്. കര്‍ഷകരുടെ സമരത്തിന് പിന്നാലെ ഫെബ്രുവരി 16-ന് തൊഴിലാളി യൂണിയനുകള്‍ ഗ്രാമീണ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി റോഡുകള്‍ ഉപരോധിക്കും. ഭാരത് ബന്ദിന് കര്‍ഷക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 


വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം കൊണ്ടുവരുന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി കര്‍ഷകര്‍ ചൊവ്വാഴ്ചയാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. രാജ്യത്തുടനീളമുള്ള 200-ലധികം കര്‍ഷക സംഘടനകള്‍ ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ അറിയിച്ചിട്ടുണ്ട്.

 

 

അതെസമയം പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ടെ, നിത്യാനന്ദ് റായ് എന്നിവര്‍ ഇന്ന് ചണ്ഡീഗഢിലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ കര്‍ഷകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.OTHER SECTIONS