/kalakaumudi/media/post_banners/dce9a1d2f048f8d56f74eb29121b4c1fe6ef2b9a96f434af4e9bf30e14a8377e.jpg)
ലക്ഷ്മിപ്രിയ എം പി
തിരുവനന്തപുരം: ദീപാവലി വന്‍ ആഘോഷമാക്കാന്‍ കിറ്റ് കാറ്റ്, പെപ്സി, കിന്‍ഡര്‍ ജോയ്, ചിറ്റ് പുട്ട് തുടങ്ങിയ നിരവധി സാധനങ്ങളാണ് വിപണിയില്‍ ഇത്തവണ ആളുകളെ കാത്തിരിക്കുന്നത്.
ഇവ ദീപാവലിക്കുള്ള മധുര പലഹാരങ്ങളല്ല പുതിയ പടക്കങ്ങളാണ്. ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്ന വെറൈറ്റി പേരുകളിലും വ്യത്യസ്ത രൂപങ്ങളിലുമുള്ള ഫാന്‍സി പടക്കങ്ങളാണ് ശിവകാശിയില്‍ നിന്നെത്തിയവയില്‍ കൂടുതലും.
പീകോക്ക്, സൂപ്പര്‍ സ്റ്റിക്ക്, ഫ്ലവര്‍ പോട്ട്സ്, ലൈറ്റിങ് ബാള്‍, ബാര്‍ബി, പെപ്സി ഫ്ലവര്‍ പോട്ട്, ഡ്രോണ്‍, കിന്‍ഡര്‍ ജോയ് മൂണ്‍ ഫ്ലവര്‍, പപ്പു ഷവര്‍, ചിറ്റ് പുട്ട്, കിറ്റ് കാറ്റ്, ഡ്രോണ്‍, സ്‌കൈ മൂണ്‍ ഷോട്ട്, ഫോട്ടോ ഫ്ലാഷ്, സെല്‍ഫി സ്റ്റിക്ക്, കോക്കൊഡൈല്‍ പെന്‍സില്‍ തുടങ്ങി കൗതുകം തോന്നിപ്പിക്കുന്ന നിരവധി പടക്കങ്ങളാണ് ഇത്തവണ ദീപാവലി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
100 മുതല്‍ 1000 രൂപ വരെയാണ് ഇവയുടെ വില. അധികം ശബ്ദമില്ലാത്ത തരത്തിലുള്ള പടക്കങ്ങളാണ് ഇത്തവണ കടകളില്‍ കൂടുതലുമുള്ളത് എന്നതും ഒരു പ്രത്യേകതയാണ്.
പീകോക്ക്, കിറ്റ് കാറ്റ്, ഡ്രോണ്‍ തുടങ്ങിയവയാണ് ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്ന പടക്കങ്ങള്‍.കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന കമ്പിത്തിരി, ഫൗണ്ടൈന്‍ എന്നിവയുടെ പുതിയ വെറൈറ്റികളും എത്തിയിട്ടുണ്ട്.
കൂടാതെ, വിജയ് ചിത്രം ലിയോയിലെ തോക്കും ഇപ്പോള്‍ ട്രെന്‍ഡിങ് ആണ്. ഇത് അല്ലാതെ മറ്റ് തോക്കുകളും കടകളിലെത്തിയിട്ടുണ്ട്. വില കുറവുള്ള ബിജിലി പടക്കം മുതല്‍ ആയിരങ്ങള്‍ വില വരുന്ന ഗിഫ്റ്റ് ബോക്സുകള്‍ വരെ വിപണിയിലുണ്ട്.
സാധാരണയുള്ള പടക്കങ്ങള്‍ ഒന്നോ രണ്ടോ മിനിറ്റിനുള്ളില്‍ കത്തി തീരും. എന്നാല്‍ ഇത്തവണ വിപണിയിലെത്തിയ പടക്കങ്ങള്‍ ഏകദേശം അഞ്ച് മിനിറ്റുകളോളം കത്തി നില്‍ക്കുമെന്ന് പടക്ക കച്ചവടക്കാര്‍ പറയുന്നു.