കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ കാരവൻ പാർക്ക് ബേക്കലിൽ

കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ കാരവൻ പാർക്ക് കാസർഗോഡിലെ ബേക്കലിൽ. ഇതോടെ ബേക്കൽ കോട്ടയിൽ എത്തുന്ന സഞ്ചാരികൾക്ക് ഒരു കാരവനിൽ ഇരുന്നുകൊണ്ട് കോട്ടയുടെ കാഴ്ചകൾ കാണാനും ആസ്വദിക്കാനും സാധിക്കും.

author-image
Greeshma Rakesh
New Update
കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ കാരവൻ പാർക്ക് ബേക്കലിൽ

ബേക്കൽ: കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ കാരവൻ പാർക്ക് കാസർഗോഡിലെ ബേക്കലിൽ. ഇതോടെ ബേക്കൽ കോട്ടയിൽ എത്തുന്ന
സഞ്ചാരികൾക്ക് ഒരു കാരവനിൽ ഇരുന്നുകൊണ്ട് കോട്ടയുടെ കാഴ്ചകൾ കാണാനും ആസ്വദിക്കാനും സാധിക്കും.സിനിമ ടൂറിസത്തിനു കീഴിൽ ബേക്കലിലെ കാരവൻ പാർക്കും ക്യാമ്പ് ഷെൽട്ടറും വികസിപ്പിക്കാനാണ് കേരള ടൂറിസം വകുപ്പിന്റെ തീരുമാനം.

പദ്ധതിക്കായി 1.53 കോടി രൂപ സർക്കാർ അനുവദിച്ചു. കാരവൻ ടൂറിസം പദ്ധതിക്ക് തുടക്കത്തിൽ വലിയ ജനപ്രീതി ലഭിച്ചെങ്കിലും ഈ മേഖലയിൽ വേണ്ടത്ര സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു. പാർക്കുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് വിവിധ വകുപ്പുകളിൽ നിന്ന് നിയമപരമായ ക്ലിയറൻസുകളും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളും (എൻഒസി) നേടേണ്ടതിന്റെ ആവശ്യകത പദ്ധതിയുടെ വിപുലീകരണത്തിന് വലിയ തടസ്സമായി മാറിയിരുന്നു.

 

സംസ്ഥാനത്തെ ഏറ്റവും വലിയ ചരിത്ര വിസ്മയമാണ് ബേക്കൽ കോട്ട. അറബിക്കടലിന്റെ തീരത്ത് ഏതാണ്ട് 30-40 ഏക്കര്‍ വിസ്തൃതിയില്‍ വൃത്താകാരത്തിലാണ് കോട്ട പണിതുയര്‍ത്തിയിട്ടുള്ളത്. കടൽ നിരപ്പിൽ നിന്നും ഏതാണ്ട് 300 അടി ഉയരത്തിലുള്ള കുന്നിൻ മുകളിലാണ് കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയിൽ 400 വര്‍ഷത്തോളം പഴക്കമുള്ള സംരക്ഷിത സ്മാരകമായ ഇവിടെ ചരിത്രത്തിന്‍റെ അവശേഷിപ്പുകളായി ഉയർന്നു നിൽക്കുന്ന നിരവധി നിർമ്മിതികളുണ്ട്.

വർഷങ്ങൾക്കിപ്പുറവും പറയത്തക്ക ബലഹീനതകളൊന്നും കൂടാതെ ചരിത്രാന്വേഷകരെയും സഞ്ചാരികളെയും ആകര്‍ഷിച്ചു കൊണ്ട് തലയുയര്‍ത്തി നില്‍ക്കുകയാണ് ബേക്കൽ കോട്ട. ഓരോ വർഷവും ഇവിടേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവില്ല.തീരദേശ ഗ്രാമവും പതിനേഴാം നൂറ്റാണ്ടിലെ അതിമനോഹരമായ കോട്ടയും വടക്കൻ കേരളത്തിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

നിലവിൽ വാഗമണിൽ ഒരു സ്വകാര്യ കമ്പനി നടത്തുന്ന കാരവൻ പാർക്ക് മാത്രമാണ് സംസ്ഥാനത്ത് ഉള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് പാർക്കുകൾ ആരംഭിക്കുന്നതിന് ഭരണാനുമതി ലഭിച്ചെങ്കിലും ഭരണപരമായ കാരണങ്ങളാൽ ചില പാർക്കുകളുടെ പണി പാതിവഴിയിൽ നിലച്ചു.

11 കാരവാനുകൾ ആരംഭിക്കുന്നതിന് ടൂറിസം വകുപ്പ് ഇതിനകം 80 ലക്ഷം രൂപ ധനസഹായമായി അനുവദിച്ചിട്ടുണ്ട്. എന്നിരുന്നാലും, ആവശ്യത്തിന് കാരവൻ പാർക്കുകൾ ഇല്ലാത്തത് നിക്ഷേപകരെ പ്രതികൂലമായി ബാധിച്ചു. പൊതുമേഖലയിൽ കൂടുതൽ പാർക്കുകൾ വരുന്നതോടെ ഈ മേഖലയുടെ സാധ്യതകൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പും സർക്കാരും.

 

caravan park bekal fort kasargod public sector caravan park