/kalakaumudi/media/post_banners/46ef5934149c30cab6d89284120cdecb64654acfed5b97b8d3aeac734998d34f.jpg)
കൊച്ചി: ലക്ഷദ്വീപിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്താനൊരുങ്ങി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. ലക്ഷദ്വീപിലെ അഗത്തിലേക്ക് വിമാനസര്‍വീസുകള്‍ ഇരട്ടിയാക്കും. തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും പ്രാദേശിക റൂട്ടുകള്‍ തുടങ്ങാനുമുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ് ശ്രമത്തിന് എയര്‍ലൈനുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിലവില്‍ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് കൊച്ചിയില്‍ നിന്ന് മാത്രമാണ് കമേഴ്‌സ്യല്‍ വിമാനസര്‍വീസുള്ളത്.
അലയന്‍സ് എയര്‍ ആഴ്ചയില്‍ ഏഴ് സര്‍വീസാണ് ഇവിടേക്ക് നടത്തുന്നത്. ഇത് ഇനി 9 ആയി വര്‍ധിക്കും. ഏപ്രില്‍ മുതല്‍ ഇന്‍ഡിഗോയും അഗത്തിയിലേക്ക് സര്‍വീസ് ആരംഭിക്കും. ബെംഗളൂരുവിലേക്ക് നിലവില്‍ പ്രതിവാരം 97 സര്‍വീസുകളാണുള്ളത്. ഇവിടേക്ക് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ എന്നിവ 14 പ്രതിവാര സര്‍വീസുകള്‍ അധികമായി നടത്തും.
കൊച്ചി-ബെംഗളൂരു സെക്ടറില്‍ പ്രതിദിനം 16 വിമാനങ്ങള്‍ ഇതോടെ സര്‍വീസ് നടത്തും. അതേസമയം വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ടിക്കറ്റ് നിരക്കിലും കുറവുവരുത്തും. ഹൈദരാബാദ്-54, ഡല്‍ഹി-77, മുംബൈ-80 എന്നിങ്ങനെയാണ് പ്രതിവാര സര്‍വീസുകള്‍. എയര്‍ ഇന്ത്യ എക്‌സ്- ഹൈദരാബാദ്, എയര്‍ ഇന്ത്യ- മുംബൈ, ഡല്‍ഹി അധിക സര്‍വീസുകള്‍ ആരംഭിക്കും. അലയന്‍സ് എയറിന്റെ കണ്ണൂര്‍, തിരുപ്പതി, മൈസൂര്‍ സര്‍വീസുകളും ഉടന്‍ ആരംഭിക്കും.
അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് 114 സര്‍വീസുകളാണുള്ളത്. അബുദാബിയിലേക്ക് എത്തിഹാദും എയര്‍ അറേബ്യയും അധിക സര്‍വീസുകള്‍ നടത്തും. മാര്‍ച്ചോടെ കൊച്ചിയില്‍ പ്രതിദിന സര്‍വീസുകള്‍ 185 ആയി ഉയരും. 2023 ല്‍ ഒരു കോടി യാത്രക്കാര്‍ സിയാല്‍ വഴി യാത്രചെയ്തിരുന്നു. 2024 ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.