മുസ്ലിം മതത്തില്‍പ്പെട്ടവര്‍ക്ക് പരസ്യമായ ചാട്ടവാറടി: ഗുജറാത്ത് പൊലീസിന് സുപ്രീം കോടതിയുടെ ശാസന

മുസ്ലിം സമുദായത്തില്‍പ്പെട്ട അഞ്ച് പേരെ പരസ്യമായി ചാട്ടവാറിനടിച്ച ഗുജറാത്ത് പൊലീസിന്റെ നടപടിയെ സുപ്രീം കോടതി ശാസിച്ചു. 2022 ജനുവരി 23 ന് നടന്ന സംഭവത്തില്‍ നാല് ഗുജറാത്ത് പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി 14 ദിവസത്തെ ജയില്‍ ശിക്ഷയും 2000 രൂപ വീതം പിഴയടക്കാനും വിധിച്ചിരുന്നു.

author-image
Web Desk
New Update
മുസ്ലിം മതത്തില്‍പ്പെട്ടവര്‍ക്ക് പരസ്യമായ ചാട്ടവാറടി: ഗുജറാത്ത് പൊലീസിന് സുപ്രീം കോടതിയുടെ ശാസന

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തില്‍പ്പെട്ട അഞ്ച് പേരെ പരസ്യമായി ചാട്ടവാറിനടിച്ച ഗുജറാത്ത് പൊലീസിന്റെ നടപടിയെ സുപ്രീം കോടതി ശാസിച്ചു. 2022 ജനുവരി 23 ന് നടന്ന സംഭവത്തില്‍ നാല് ഗുജറാത്ത് പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി 14 ദിവസത്തെ ജയില്‍ ശിക്ഷയും 2000 രൂപ വീതം പിഴയടക്കാനും വിധിച്ചിരുന്നു. അപ്പീല്‍ നല്‍കുന്നതിന് വേണ്ടി ശിക്ഷ മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ശിക്ഷ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സ്റ്റേ ചെയ്തു.

2022 ഒക്ടോബറില്‍ നവരാത്രി ഉത്സവം നടക്കുമ്പോള്‍ ഖേഡ ജില്ലയിലെ ഉന്‍ധേല ഗ്രാമത്തില്‍ നടന്ന ഗര്‍ബ പരിപാടിക്ക് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് പിന്നീട് പിടികൂടിയ അഞ്ച് പേരെയാണ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഈ സംഭവത്തില്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ഹൈക്കോടതി ഇവര്‍ക്കെതിരെ കോടതിയലക്ഷ്യം ചുമത്തിയത്.

ഒരു പ്രതിയെ അറസ്റ്റ് ചെയ്യുമ്പോഴും കസ്റ്റഡിയില്‍ എടുക്കുമ്പോഴും ചോദ്യം ചെയ്യുമ്പോഴും പൊലീസ് എങ്ങനെ പെരുമാറണമെന്ന് സുപ്രീം കോടതി സമഗ്രമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയലക്ഷ്യം നടത്തിയെന്നാരോപിച്ച് പരാതിക്കാരിയായ ജാഹിര്‍മിയ മാലക്ക് ഉള്‍പ്പെടെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് 13 പൊലീസുകാരെ ആദ്യം കേസില്‍ പ്രതികളാക്കിയത്. എന്നാല്‍ അന്വേഷണത്തില്‍ നാല് പേര്‍ക്ക് മാത്രമാണ് പങ്കെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പൊലീസുകാരുടെ നടപടിയെ കുറിച്ച് ഇത് എന്ത് തരം ക്രൂരതകളാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത ചോദിച്ചു. ആളുകളെ തൂണില്‍ കെട്ടിയിട്ട് തല്ലാന്‍ നിങ്ങള്‍ക്ക് നിയമപ്രകാരം അധികാരമുണ്ടോ? അദ്ദേഹം ശാസിച്ചു.

പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യുഷന്‍ നടപടികളും വകുപ്പ്തല നടപടികളും സ്വീകരിച്ചു വരികയാണെന്ന് കോടതിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സ്റ്റേ നടപടി നീട്ടി ഉത്തരവിട്ടത്. വിഷയത്തില്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.

 

india police gujarat Supreme Court national news