/kalakaumudi/media/post_banners/294cef797b7ca0bd12f3e1cb123aef10fbb05c728af21b3aa20b294edc173a05.jpg)
തിരുവനന്തപുരം: ചെറിയ മഴപെയ്താല്‍ പോലും തലസ്ഥാനനഗരം വെള്ളത്തിലാകുന്നതിന്റെ പ്രധാന കാരണം നെല്ലിക്കുഴിയിലെ പാലത്തിന്റെ നിര്‍മ്മാണത്തിലെ അപാകത. ഇതിനെതിരെ ജനരോക്ഷം ശക്തമാണ്.
നാട്ടുകാരെയും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെയും അറിയിക്കാതെയാണ് പാലം നിര്‍മാണം ആരംഭിച്ചതെന്ന ആരോപണം ശക്തമാണ്. അധികാരികളുടെയും അധികൃതരുടെയും അശ്രദ്ധയും അവഗണനയുമാണ് നിലവിലെ പ്രതിസന്ധിക്കുള്ള കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
നാട്ടുകാരുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നതിനാല്‍ തന്നെ പാലം നിര്‍മ്മാണ പ്രക്രിയയ്ക്ക് കൃത്യമായ ആസൂത്രണം ആവശ്യമാണ്. ശാസ്ത്രീയ-സാങ്കേതിക പഠനവും, പാരിസ്ഥിതിക-സാമൂഹ്യപഠനവും നടത്തണം.എന്നാല്‍ നെല്ലിക്കുഴിപാലത്തിന്റെ കാര്യത്തില്‍ ഇതൊന്നും നടന്നിട്ടില്ല.
കണ്ണമ്മൂല ആമയിഴഞ്ചാന്‍ തോടിനു കുറുകെ പാലം നിര്‍മ്മിക്കുന്ന സ്ഥലത്ത് അധികൃതര്‍ ആഴം കൂട്ടാത്തതാണ് ആനയറ,കണ്ണമ്മൂല,ഗൗരീശപട്ടം ഭാഗങ്ങളിലും തോട് ഒഴുകുന്ന മിക്കഭാഗങ്ങളിലും വെള്ളം പൊങ്ങി ജനങ്ങളെ ദുരിതത്തിലാക്കുന്നത്. പാലം നിര്‍മ്മാണത്തിനുള്ള മണ്ണും മറ്റ് നിര്‍മാണസാമഗ്രികകളും കൂട്ടിയിട്ടതോടെ ആമയിഴഞ്ചാന്‍ തോടിന്റെ ഒഴുക്ക് തടസ്സപ്പെടുകയായിരുന്നു.
മാത്രമല്ല ഒഴുക്ക് പൂര്‍ണമായും തടഞ്ഞ് വെള്ളം ഒഴുകിപ്പോകാന്‍ ബദല്‍മാര്‍ഗം ഒരുക്കാതെയാണ് നിര്‍മ്മാണം ആരംഭിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പാലം കോണ്‍ക്രീറ്റിങ്. ഇതിനായി വെളളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി വലിയ തൂണുകള്‍ നിര്‍മ്മാണ കമ്പനി സ്ഥാപിച്ചു.
പട്ടം, പ്ലാമൂട് മുതലുള്ള പ്രദേശങ്ങളെ മുക്കിയത് അശാസ്ത്രീയമായ ഈ നടപടിയാണ്. നെല്ലിക്കുഴി ഭാഗം പൂര്‍ണമായി മുങ്ങി. ആനയറ മഹാരാജ റസിഡന്റ്സ് അസോസിയേഷന്‍, ഗൗരീശപട്ടം റഡിഡന്റ്സ് അസോസിയേഷന്‍, കോസ്മോപൊളിറ്റന്‍ റസിഡന്റ്സ് അസോസിയേഷന്‍ പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി.
ചീഫ് സെക്രട്ടറി, കലക്ടര്‍ എന്നിവരുമായി വെള്ളപ്പൊക്കത്തിന്റെ ഇരയായ കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ ബന്ധപ്പെട്ട് പാലത്തിന്റെ ഒരു വശത്തെ ബീമിന് സമീപത്തു കൂടി വെളളത്തിന് ഒഴുകി പോകാന്‍ നാലടി വീതിയില്‍ സമാന്തര പാത ഒരുക്കിയ ശേഷമാണ് വെള്ളം ഇറങ്ങിയത്.
കഴിഞ്ഞ മാസം 18 ന് ഒരു രാത്രി തുടര്‍ച്ചയായി പെയ്ത മഴയിലും സമാന സാഹചര്യമുണ്ടായിട്ടും ബദല്‍ മാര്‍ഗ്ഗമൊരുക്കാന്‍ നിര്‍മാണ കമ്പനി തയാറാകാത്തതാണ് അന്നത്തെ അതേ സ്ഥലങ്ങളില്‍ വീണ്ടും വെള്ളം കയറാന്‍ കാരണമായത്.
ചെന്നിലോട് നെല്ലിക്കുഴിയില്‍ ആനയറയുമായി ബന്ധപ്പെടുത്തിയുള്ള വാഹന ഗതാഗതത്തിനാണ് പാലം അനുവദിച്ചത്.
ടൂറിസം പദ്ധതിയില്‍പ്പെടുത്തി പുതുതായി തുടങ്ങിയ പാലത്തിന് അഞ്ച് കോടി രീപയാണ് അനുവദിച്ചത്.2021 മേയിലാണ് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കിക്കൊണ്ട് പാലം നിര്‍മാണം തുടങ്ങുന്നത്.
മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ നിര്‍മാണ അശാസ്ത്രീയത ചൂണ്ടിക്കാട്ടി 2022 ജൂണ്‍ 2ന് വാര്‍ത്ത പ്രചരിച്ചതോടെ അന്നത്തെ എംഎല്‍എ കടകംപള്ളി സുരേന്ദ്രനും ബന്ധപ്പെട്ട വകുപ്പധികൃതരും നിര്‍മാണ സ്ഥലത്തെത്തി നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കരാറുകാരന് ഉത്തരവ് നല്‍കിയിരുന്നു.
പഠനത്തിന് ബാര്‍ട്ടന്‍ ഹില്‍ എന്‍ജിനിയറിങ് കോളേജിലെ വിദഗ്ദരെ ഏല്‍പ്പിച്ചു.പിന്നീട് ജലസേചന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ മാറ്റി നല്‍കിയതോടെ നിര്‍മ്മാണം തുടരാന്‍ അനുമതി ലഭിച്ചു.തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ക്കു മുമ്പാണ് പണി പുനരാരംഭിച്ചത്.
പാലത്തിന്റെ ഉയരം തിട്ടപ്പെടുത്തിയതിലായിരുന്നു അശാസ്ത്രീയത. സമീപത്തെ ഉയര്‍ന്ന പ്രദേശത്ത് റോഡ് നിരപ്പില്‍ നിന്ന് രണ്ട് മീറ്ററോളം ഉയരത്തില്‍ നടപ്പാലം ഉണ്ടായിരിക്കേ താഴ്ന്ന പ്രദേശത്ത് റോഡ് നിരപ്പില്‍ രണ്ടടിയോളം ഉയരം ക്രമീകരിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി പാലം നിര്‍മാണം ആരംഭിച്ചത്.
മഴക്കാലത്ത് നടപ്പാലം മുങ്ങുന്ന വിധത്തിലാണ് ആമയിഴഞ്ചാന്‍തോടില്‍ വെള്ളം നിറയുന്നത്. ഇതേ സാഹചര്യത്തില്‍ പുതുതായി നിര്‍മിക്കുന്ന പാലം വെള്ളത്തിനടിയിലാകുമെന്ന മുന്നറിയിപ്പാണ് അന്ന് അപാകതയ്ക്ക് വഴിയൊരുക്കിയത്.
മാത്രമല്ല ശരിയായ രൂപരേഖ അട്ടിമറിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി പാലം നിര്‍മാണത്തിന് തുടക്കമിട്ടതെന്ന ആക്ഷേപവും ശക്തമാണ്. മൂന്ന് മീറ്ററോളം ഉയരമാണ് പുതിയ പാലത്തിന്റെ രൂപരേഖയില്‍ ഉണ്ടായിരുന്നത്. ഇത് മറച്ചുവച്ച് ഉയരം കുറച്ച് തട്ടിക്കൂട്ടി കോടികള്‍ കൈവശപ്പെടുത്തുകയെന്ന അജണ്ടയാണ് കരാറുകാര്‍ നടപ്പിലാക്കിയതെന്നും ആരോപണമുണ്ട്.