സി.പി.എം. മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രനും ബി.ജെ.പിയിലേക്കോ? ചർച്ച നടത്തി നേതാക്കൾ

സസ്പെൻഷൻ നടപടി പിൻവലിക്കാൻ തീരുമാനമാകാത്തതിൽ പ്രതിഷേധമുണ്ട്. തന്നെ പുറത്ത് നിർത്തുന്നതിന് പിന്നിൽ സി.പി.എം പ്രാദേശിക നേതാക്കളിൽ ചിലരാണ്. സി.പി.എം അകറ്റി നിർത്തിയാലും പൊതുപ്രവർത്തനം അവസാനിപ്പിക്കില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി

author-image
Greeshma Rakesh
New Update
സി.പി.എം. മുന്‍ എം.എല്‍.എ  എസ്.രാജേന്ദ്രനും ബി.ജെ.പിയിലേക്കോ? ചർച്ച നടത്തി നേതാക്കൾ

തൊടുപുഴ: കോൺഗ്രസ് നേതാവായിരുന്ന പത്മജ വേണുഗോപാലിനു പിന്നാലെ, സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എസ് രാജേന്ദ്രനും ബി.ജെ.പിയിലേയ്ക്ക്. ദേവികുളത്തെ വീട്ടിലെത്തി ബി.ജെ.പി നേതാക്കൾ രാജേന്ദ്രനുമായി ചർച്ച നടത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ, മുതിർന്ന ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് ഫോണിലൂടെ രാജേന്ദ്രനുമായി സംസാരിച്ചു.

എന്നാൽ ബി.ജെ.പിയിൽ ചേരുമെന്ന് വ്യാപക പ്രചാരണമുണ്ടെങ്കിലും നിലവിൽ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് എസ് രാജേന്ദ്രൻ പറയുന്നത്. എന്നാൽ, ബി.ജെ.പിയിൽ ചേരില്ലെന്നു തീർത്തുപറയാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്നു മാത്രമല്ല, സി.പി.എം നേതൃത്വത്തിന് മുമ്പിൽ തന്റെ ഉപാധി മുന്നോട്ടു വച്ചതായാണ് അദ്ദേഹത്തിൽനിന്ന് ലഭിക്കുന്ന വിവരം.

അതേസമയം, തമിഴ്നാട്ടിൽ നിന്നുള്ള ബി.ജെ.പി ദേശീയ നേതാവ് തന്നെ സന്ദർശിച്ചിരുന്നതായി എസ്. രാജേന്ദ്രനും വ്യക്തമാക്കി. ഡൽഹിയിലെത്തി ബി.ജെ.പി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയെന്ന പ്രചരണം ശരിയല്ല. ബി.ജെ.പിയെ പോലെ മറ്റു ചില രാഷ്ട്രീയ കക്ഷികളും തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സസ്പെൻഷൻ നടപടി പിൻവലിക്കാൻ തീരുമാനമാകാത്തതിൽ പ്രതിഷേധമുണ്ട്. തന്നെ പുറത്ത് നിർത്തുന്നതിന് പിന്നിൽ സി.പി.എം പ്രാദേശിക നേതാക്കളിൽ ചിലരാണ്. സി.പി.എം അകറ്റി നിർത്തിയാലും പൊതുപ്രവർത്തനം അവസാനിപ്പിക്കില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി.

നിയസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എ. രാജയെ തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നാണ് എസ്. രാജേന്ദ്രനെ സി.പി.എം പുറത്താക്കിയത്. 2023 ജനുവരിയിൽ സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും പാർട്ടി അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായിട്ടില്ല. അതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പിൻറെ സാഹചര്യത്തിൽ രാജേന്ദ്രനെ സി.പി.എമ്മിൽ തിരികെ എത്തിക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുണ്ട്.

2006, 2011, 2016 നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് എസ്. രാജേന്ദ്രൻ ദേവികുളത്ത് നിന്ന് സി.പി.എം ടിക്കറ്റിൽ വിജയിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ രാജേന്ദ്രനെ മാറ്റി എ. രാജയെ സി.പി.എം മത്സരിപ്പിക്കുകയായിരുന്നു. സ്ഥാനാർഥിയാക്കാത്തതിൽ രാജേന്ദ്രൻ അതൃപ്തനായിരുന്നു.

 

BJP cpm Idukki s rajendran