മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്‍ (83) അന്തരിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 9.35 നായിരുന്നു അന്ത്യം.

author-image
Priya
New Update
മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍ അന്തരിച്ചു

തൃശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്‍ (83) അന്തരിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 9.35 നായിരുന്നു അന്ത്യം.

കെ പി വിശ്വനാഥന്‍ രണ്ട് തവണ മന്ത്രിയായിരുന്നു. ആറ് തവണ അദ്ദേഹം നിയമസഭാംഗവുമായിട്ടുണ്ട്. 1940 ഏപ്രില്‍ 22ന് തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി ജനിച്ചു.

തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബിരുദം നേടി. അഭിഭാഷകന്‍ കൂടിയായിരുന്നു കെ.പി വിശ്വനാഥന്‍. യൂത്ത് കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

1977, 1980 വര്‍ഷങ്ങളില്‍ കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നും 1987, 1991, 1996, 2001 വര്‍ഷങ്ങളിലും കൊടകര നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1991 മുതല്‍ 1994 വരെ കെ. കരുണകരന്റെയും 2004 മുതല്‍ 2005 വരെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജി വെച്ചു.

2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കൊടകരയില്‍ നിന്ന് മത്സരിച്ചിരുന്നുവെങ്കിലും സി.പി.എമ്മിലെ സി.രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.

കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, തൃശൂര്‍ ഡി.സി.സി സെക്രട്ടറി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗം, ഖാദി ബോര്‍ഡ് അംഗം, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ചെയര്‍മാന്‍, ഡയറക്ടര്‍ എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

k p viswanathan