/kalakaumudi/media/post_banners/2ea134838a1e9d53903e8667139568b1bbccf9843a9af2501ce774ef1bbbe6a0.jpg)
പാലക്കാട്: കണ്ണനൂരിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ.മാത്തൂർ സ്വദേശികളായ നാല് പേരാണ് പിടിലായത്. ദിനേശ്, ഗണേശൻ, സിദിൽ, സുനിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ടോടെ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു.
കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നതിനിടയിൽ ഗണേശൻ, ദിനേശൻ എന്നിവർക്കും പരിക്കേറ്റിരുന്നു. സാമ്പത്തിക പ്രശ്‌നമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.സംഭവത്തിൽ പ്രതിയായ ഗണേശന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 13 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് പാലക്കാട് കണ്ണന്നൂരിൽ വച്ച് കോൺഗ്രസ് പ്രവർത്തകരെ പ്രതികൾ വെട്ടിയത്. കണ്ണനൂർ ടൗണിലെ കോൺഗ്രസിന്റെ സാംസ്‌കാരിക നിലയത്തിന്റെ ഓഫീസിലേക്ക് കാറിലും ബൈക്കിലുമായി ആയുധങ്ങളുമായെത്തിയായിരുന്നു സംഘം ആക്രമണം നടത്തിയത്. ഓഫീസിലുണ്ടായിരുന്ന പത്തോളം പേർ ചിതറിയോടിയെങ്കിലും നാലു പേർക്ക് വെട്ടേറ്റിരുന്നു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ബ്ലേഡ് മാഫിയ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവർ പൊലീസിനോട് പറഞ്ഞത്.കഴിഞ്ഞ ദിവസം പലിശ തിരിച്ചടവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ഓട്ടോ ഡ്രൈവറുമായി പ്രതികൾ തർക്കിച്ചിരുന്നു. ഇത് തടയാൻ ശ്രമിച്ചതിലുള്ള പ്രതികാരമാണ് അക്രമത്തിൽ കലാശിച്ചതെന്നും പരിക്കേറ്റവർ പറഞ്ഞിരുന്നു.