/kalakaumudi/media/post_banners/38247484a112c3d892774248e8e9116749a2b3970e40ccba5444be178c0cbbbf.jpg)
ബി.വി. അരുണ്‍ കുമാര്‍
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കമ്പനികളുമായി അദാനി കൈകോര്‍ക്കുന്നു. ഇതോടെ വന്‍കിട കമ്പനികള്‍ വിഴിഞ്ഞത്ത് നിക്ഷേപം നടത്തും. മാത്രമല്ല വന്‍ തൊഴില്‍ സാധ്യതയാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. വിഴിഞ്ഞം തുറമുഖത്തെത്തുന്ന ചരക്കുകളെ നിര്‍ദ്ദിഷ്ട സ്ഥലത്തേക്ക് എത്തിക്കുന്നതാണ് കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ്. ചരക്കുകള്‍ കൃത്യ സമയത്ത് കൃത്യസ്ഥാനത്ത് എത്തിക്കുക എന്നത് ഒരു തുറമുഖത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്. അതിനാലാണ് അന്താരാഷ്ട്ര കമ്പനികളെ അദാനി വിഴിഞ്ഞത്തെത്തിക്കുന്നത്.
സ്വിറ്റ്‌സര്‍ലന്റിലെ ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ്‌സി)യുമായും ഫ്രാന്‍സ് ആസ്ഥാനമായുള്ള ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക് കമ്പനിയായ സിഎംഎ സിജിഎമ്മുമായുമാണ് അദാനി കൈകോര്‍ക്കുന്നത്. അദാനിയുമായുള്ള സംയുക്ത സംരംഭത്തിന് (പങ്കാളിത്ത കരാര്‍) ഉടന്‍ കരാര്‍ ഒപ്പിടും. കൊളമ്പോയിലെ അന്താരാഷ്ട്ര തുറമുഖത്തിന് സമാനമായ ഒരു കേന്ദ്രമാണ് വിഴിഞ്ഞവും. അതിനാലാണ് അന്താരാഷ്ട്ര കമ്പനികളുമായി കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റിന് അദാനി കരാറിലേര്‍പ്പെടുന്നതും. അദാനിയുടെ നടത്തിപ്പവകാശമുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എംഎസ്‌സിയുമായി 50:50 പങ്കാളിത്തമുണ്ട്.
അദാനി ഏറ്റവും കൂടുതല്‍ ലാഭകരമായി നടത്തിവരുന്ന തുറമുഖമാണ് മുന്ദ്ര. ഫ്രഞ്ച് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക് കമ്പനിയായ സിഎംഎ സിജിഎമ്മുമായുള്ള സഹകരണമാണ് മുന്ദ്രയില്‍ അദാനിക്ക് കൂടുതല്‍ ലാഭകരമാകാന്‍ കാരണമായത്. ഇന്ത്യയിലെ തന്നെ തിരക്കേറിയ കണ്ടെയ്‌നര്‍ വന്നിറങ്ങുന്ന തുറമുഖവും മുന്ദ്രയാണ്. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തിരുവനന്തപുരത്തു നിന്നാകും നടക്കുക. ഇതുകൂടി മനസിലാക്കിയാണ് അദാനി അന്താരാഷ്ട്ര കമ്പനികളെ വിഴിഞ്ഞത്തേക്കു കൊണ്ടുവരുന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആകെയുള്ള 6.6 മില്യന്‍ ടിയുവില്‍ 1.6 മില്യന്‍ ടിയു ട്രാന്‍സ്ഷിപ്പ്‌മെന്‍ഡ് ലോഡുകളും മുന്ദ്രവഴിയാണ് നടന്നത്. എംഎസ്‌സിയും സിഎംഎ സിജിഎമ്മുമായുള്ള സഹകരണത്തിന്റെ ഫലമായാണ് ഇത്രയും ലാഭമുണ്ടാക്കാന്‍ സാധിച്ചത്. വിഴിഞ്ഞം പദ്ധതി കമ്മിഷന്‍ ചെയ്യുന്നതോടെ അനന്തസാധ്യതകളാണ് മുന്നിലുള്ളത്. 2024 ഡിസംബറോടെ വിഴിഞ്ഞം തുറമുഖം പൂര്‍ണമായും കമ്മിഷന്‍ ചെയ്യാനാകുമെന്നാണ് അദാനി പറയുന്നത്.
വിഴിഞ്ഞത്തിന്റെ ആദ്യ ഘട്ടം 1 മീറ്റര്‍ ട്യൂ കപ്പാസിറ്റിക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തതാണ്. 800 മീറ്റര്‍ കടല്‍ഭിത്തിയും 130 ഏക്കര്‍ കണ്ടെയ്‌നര്‍ യാര്‍ഡ് സ്ഥലവുമാണുള്ളത്. രണ്ട് ഘട്ടങ്ങളുള്ള പ്രോജക്റ്റിനായി 1 ബില്യണ്‍ പ്ലാനില്‍ 500 മില്യണ്‍ ഡോളര്‍ പൊതു-സ്വകാര്യ നിക്ഷേപമാണ് അദാനി ലക്ഷ്യമിടുന്നത്.പ്രമുഖ അന്താരാഷ്ട്ര ജലപാതകളിലേക്കുള്ള പ്രവേശനത്തിനായി തന്ത്രപ്രധാനമായാണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്. ഇന്ത്യയെ ആഗോള ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബാക്കി മാറ്റാന്‍ ഇത് സഹായിക്കും.
പ്രദേശത്തിന്റെ ഒരു ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ് എന്ന നിലയില്‍ വിഴിഞ്ഞത്തിന്റെ സാധ്യതകളില്‍ ഭൂരിഭാഗവും അദാനിയുടെ വിപണന തന്ത്രങ്ങളെയും നെറ്റ്വര്‍ക്ക് ശക്തികളെയും ആശ്രയിച്ചിരിക്കും.