ഗഗയാന്‍ പദ്ധതി; അവസാനഘട്ട ആളില്ലാപരീക്ഷണം ഏപ്രിലില്‍

ഐഎസ്ആര്‍ഒയുടെ ഗഗയാന്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ചെയര്‍മാന്‍ എസ് സോമനാഥ്. മനുഷ്യനെ ബഹിരാകാശത്ത് കൊണ്ടുപോകുന്നതിനുള്ള പദ്ധതിയാണിത്

author-image
Web Desk
New Update
ഗഗയാന്‍ പദ്ധതി; അവസാനഘട്ട ആളില്ലാപരീക്ഷണം ഏപ്രിലില്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ ഗഗയാന്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ചെയര്‍മാന്‍ എസ് സോമനാഥ്. മനുഷ്യനെ ബഹിരാകാശത്ത് കൊണ്ടുപോകുന്നതിനുള്ള പദ്ധതിയാണിത്. ഏപ്രിലോടെ അവസാനഘട്ട ആളില്ലാ പരീക്ഷണം നടത്തുമെന്നും സോമനാഥ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളില്ലാ പരീക്ഷണ ദൗത്യത്തിന് ജിഎക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ദൗത്യത്തില്‍ വ്യോമിത്ര റോബോട്ടിനെ ഉള്‍പ്പെടുത്തും. ജിഎക്‌സ് മിഷന്‍ റോക്കറ്റിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ നിര്‍മാണവും പൂര്‍ത്തിയായി. ഡിസംബറിന് മുമ്പായി ക്രയോജനിക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കും. ക്രൂ മൊഡ്യൂള്‍ അസംബ്ലി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിത്യ എല്‍-1 മിഷന്‍ അവസാന ഘട്ടത്തിലാണ്. ജനുവരി ഏഴിന് പേടകം എല്‍-വണ്‍ പോയിന്റില്‍ എത്തിച്ചേരും. എസ് എസ് എല്‍ വി ടെക്‌നോളജി സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ടു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. സ്വകാര്യ മേഖലയില്‍ നിര്‍മിക്കുന്ന പി എസ് എല്‍ വി എന്‍-1 ന്റെ ലോഞ്ചിങ് അടുത്ത വര്‍ഷം ഒക്ടോബറോടെ നടക്കും. തമിഴ്‌നാട്ടിലെ എസ് എസ് എല്‍ വി ലോഞ്ച് പാഡ് നിര്‍മ്മിക്കുന്നതിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ലോഞ്ച് പാഡിന്റെ ഡിസൈന്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി അടുത്തമാസം അവസാനത്തോടെ ടെന്‍ഡര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ രംഗത്തുണ്ടാകുന്ന സ്വകാര്യ പങ്കാളിത്തം തൊഴിലവസരങ്ങളും ബിസിനസ് സാധ്യതകളും വര്‍ധിപ്പിക്കും. നിലവില്‍ ഇന്ത്യയില്‍ അഞ്ചു കമ്പനികളാണ് ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രാപ്തി നേടിയിട്ടുള്ളത്. ഭാവിയില്‍ ഇന്ത്യയെ ലോകത്തിന് വേണ്ടി ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമാക്കി മാറ്റാന്‍ ഈ മേഖലയിലെ സ്വകാര്യ പങ്കാളിത്തം സഹായകമാകും. അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രമേ ബഹിരാകാശ മേഖല വളരുമെന്നും അദ്ദേഹം വ്യക്തമാക്കി.

gagayan kerala news Latest News isro