ഗാന്ധിജി കണ്ട സ്വപ്‌നം ...

By Greeshma Rakesh.02 10 2023

imran-azhar

 

 


ഭാരതത്തില്‍ അധികം പേരും ദാരിദ്ര്യരൂപത്തില്‍ കിടന്നുഴലുന്നവരാണ്. അതിന്റെ പരിഹാരാര്‍ഥം എല്ലാവരും പതിവായി അരമണിക്കൂര്‍ വീതമെങ്കിലും നൂല്‍ നൂല്‍ക്കണം. വസ്ത്രങ്ങള്‍ അവനവന്‍ തന്നെയുണ്ടാക്കണം. തീണ്ടലും മദ്യപാനവും ഉപേക്ഷിക്കാത്ത കാലത്തോളം നാം കഷ്ടത അനുഭവിക്കേണ്ടി വരും.

 

അതിനാല്‍ എല്ലാവരും തല്‍ക്ഷണം തന്നെ ഈ രണ്ട് പാപകൃത്യങ്ങളെയും കൈവെടിയണം'മഹാത്മാജിയുടെ കേരള സന്ദര്‍ശന വേളയില്‍ ആലപ്പുഴയിലെ ഹരിപ്പാട് നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹമാണിത്. 1927 ഒക്ടോബര്‍ പന്ത്രണ്ടിനായിരുന്നു ഗാന്ധിസന്ദര്‍ശനം. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത് ഗാന്ധിയായിരുന്നു.

 

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് അടിത്തറ പാകിയതും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് മണ്ണൊരുക്കിയതും ഗാന്ധി തന്നെ. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അഹിംസ ദിനമായി ആചരിച്ചുവരുന്നു. അദ്ദേഹത്തിന്റെ ചര്യകളും സന്ദേശങ്ങളും ഈ പുതിയകാലത്ത് നമുക്ക് കരുത്താകണം. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം ആചരിക്കുന്ന ഈസമയം അതിനുള്ള തുടക്കമാവട്ടെ.

 

പട്ടിണിപ്പാവങ്ങള്‍ക്കുപോലും ഇത് എന്റെ നാടാണ് എന്ന ബോധം ജനിപ്പിക്കുന്ന, ആ നാട് പടുത്തുയര്‍ത്തുന്നതില്‍ അവര്‍ക്ക് പ്രധാന പങ്ക് നല്കുന്ന ഒരിന്ത്യക്കുവേണ്ടിയായിരിക്കും ഞാന്‍ പ്രവര്‍ത്തിക്കുക.

 

എന്റെ ഇന്ത്യ

ഉയര്‍ന്നവരും താഴ്ന്നവരുമില്ലാത്ത ഒരിന്ത്യ. എല്ലാ സമുദായങ്ങളും തികഞ്ഞ രമ്യതയോടെ വര്‍ത്തിക്കുന്ന ഒരിന്ത്യ. ആ ഇന്ത്യയില്‍ അയിത്താചരണത്തിന് സ്ഥാനമുണ്ടാവുകയില്ല. സ്ത്രീകള്‍ക്ക് പുരുഷനോടൊപ്പം തുല്യ അവസരമുണ്ടായിരിക്കും. ഇതാണ് എന്റെ സ്വപനത്തിലെ ഇന്ത്യ -ഗാന്ധിജിയുടെ വാക്കുകള്‍ ഇങ്ങനെ.

 

ഗാന്ധിജി നിര്‍ദേശിച്ച പ്രധാന നിര്‍മാണ പരിപാടികളിലെ ഒരു ഇനമാണ് ഖാദി. 1981 ലാണ് ഗാന്ധിജി ഖാദി പ്രസ്ഥാനം ആരംഭിക്കുന്നത്. ഇന്ത്യയിലെ ദരിദ്രജനകോടികള്‍ക്ക് ആശ്വാസം പകരുന്ന ഉപകരണമായിട്ടാണ് ഗാന്ധിജി ഖാദിയെ കണ്ടത്. പരുത്തികൊണ്ടോ പട്ടു കൊണ്ടോ കമ്പിളികൊണ്ടോ കൈകൊണ്ട് ചര്‍ക്കപോലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് നൂല്‍നൂറ്റതും കൈത്തറി ഉപയോഗിച്ച് ഇന്ത്യയില്‍ നെയ്‌തെടുക്കുന്നതുമായ തുണിത്തരങ്ങളെയാണ് ഖാദി അഥവാ ഖദര്‍ എന്നു വിളിക്കുന്നത്. ഇന്ത്യന്‍ കാലാവസ്ഥക്ക് അനുയോജ്യമായ ഖാദി വേനല്‍ക്കാലത്ത് ധരിക്കുന്നവര്‍ക്ക് തണുപ്പുനല്‍കുകയും ശൈത്യകാലത്ത് ചൂട് നിലനിര്‍ത്തുകയും ചെയ്യുന്നു.

 

കള്ളം പറ്റില്ല

മഹാത്മാ ഗാന്ധി വിദ്യാര്‍ഥിയായിരിക്കെ, സ്‌കൂളുകളുടെ ഇന്‍സ്‌പെക്ടറായിരുന്ന മി. ഗില്‍ഡ് ഒരിക്കല്‍ ഗാന്ധിജി പഠിക്കുന്ന സ്‌കൂള്‍ സന്ദര്‍ശിക്കുകയുണ്ടായി. അഞ്ചു വാക്കുകളുള്ള ഒരു കേട്ടെഴുത്തു പരീക്ഷ അദ്ദേഹം നടത്തി. നാലു വാക്കുകള്‍ ഗാന്ധി തെറ്റില്ലാതെ എഴുതിയെങ്കിലും അഞ്ചാമത്തെ വാക്കായ കെറ്റില്‍ തെറ്റായാണ് എഴുതിയത്. ഇത് ശ്രദ്ധയില്‍പെട്ട അധ്യാപകന്‍ കൂട്ടുകാരന്റേതു നോക്കി എഴുതാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചു. ഗാന്ധിജി അതിനു തയാറായില്ല. ഇന്‍സ്പെക്ടര്‍ പോയശേഷം ആ അധ്യാപകന്‍ ഗാന്ധിജിയെ നന്നായി ശകാരിച്ചു. എന്നാല്‍, അധ്യാപകന്റെ ശകാരത്തിനുപോലും ഗാന്ധിജിയുടെ നിലപാടില്‍ മാറ്റമുണ്ടാക്കാന്‍ ആയില്ല. തനിക്ക് ഒരിക്കലും കോപ്പിയടി എന്ന കല അഭ്യസിക്കാന്‍ കഴിയില്ലെന്ന് ഗാന്ധിജി ആത്മകഥയില്‍ പറയുന്നുണ്ട്.

 


തന്റെ ആഹാരരീതികളില്‍ മാറ്റം വരുത്തുന്നതിനും സസ്യാഹാരമാണ് മനുഷ്യന് ഏറ്റവും അനുയോജ്യമെന്ന തീരുമാനം ഉറപ്പിക്കുന്നതിനും ഗാന്ധിജിയെ ഏറെ സ്വാധീനിച്ച പുസ്തകമായിരുന്നു ഹെന്റി സാള്‍ട്ട് എഴുതിയ പ്ലീ ഫോര്‍ വെജിറ്റേറിയനിസം. 1890 കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ നടന്ന സസ്യാഹാര സംഘടനയുടെ യോഗത്തില്‍ ഗാന്ധിജി പങ്കെടുത്തു. അതേ വര്‍ഷം തന്നെ സസ്യാഹാര സംഘടനയുടെ ഭരണസമിതിയിലേക്ക് ഗാന്ധിജിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

 

1920 ആഗസ്റ്റ് 18 നായിരുന്നു ഗാന്ധിജിയുടെ ആദ്യ കേരളസന്ദര്‍ശനം. ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണവും സംയോജിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള യാത്രയുടെ ഭാഗമായാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. ഗാന്ധിയെ കാണുന്നതിനും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുന്നതിനും ആയിരങ്ങളാണ് കോഴിക്കോട്ടു വെച്ച് നടത്തിയ പൊതുയോഗത്തിലേക്ക് ഒഴുകിയെത്തിയത്. ആദ്യ സന്ദര്‍ശനത്തില്‍ 20 മണിക്കൂറാണ് അദ്ദേഹം മലബാറില്‍ ചെലവഴിച്ചത്. ആ സന്ദര്‍ശനത്തിനുശേഷം നാലുതവണ കൂടി അദ്ദേഹം കേരളത്തിലെത്തുകയുണ്ടായി.

 

1925 മാര്‍ച്ച് (819), 1927 (ഒക്ടോബര്‍ 9-15, 25), 1934 (ജനുവരി 10-22), 1937 (ജനുവരി 12-21) എന്നീ വര്‍ഷങ്ങളിലായിരുന്നു അത്. നമ്മുടെ പഠനമാധ്യമം മാതൃഭാഷയിലാകണമെന്ന ആശയം പ്രകടിപ്പിച്ച വ്യക്തിയാണ് ഗാന്ധി. സ്വന്തം ഭാഷയെക്കുറിച്ചോര്‍ത്തു ലജ്ജിക്കുന്ന ഒരു ഭാരതീയനുമുണ്ടാകരുതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്വന്തം ഭാഷയോടൊപ്പം ആശയവിനിമയത്തിനായി മറ്റൊരു സംസ്ഥാനാന്തര ഭാഷ കൂടി പഠിക്കാന്‍ നിര്‍ദേശിച്ച അദ്ദേഹം ഇംഗ്ലീഷ് വിരോധം ഒരിക്കലും വെച്ചുപുലര്‍ത്തിയിരുന്നില്ല. എന്നാല്‍, മാതൃഭാഷയെ അവഗണിച്ചുകൊണ്ടുള്ള ഇംഗ്ലീഷ് പ്രേമത്തെ അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി.

 

പത്രപ്രവര്‍ത്തനം

മണ്‍മറഞ്ഞ മഹാരഥന്മാരായ പത്രപ്രവര്‍ത്തകരുടെ നിരയില്‍ ഗാന്ധിജിക്കും സ്ഥാനമുണ്ട്. ദക്ഷിണാഫ്രിക്കയിലായിരുന്ന കാലം മുതല്‍ക്കുതന്നെ അദ്ദേഹത്തിന് പത്രപ്രവര്‍ത്തനവുമായി ബന്ധമുണ്ടായിരുന്നു. ഇന്ത്യന്‍ ഒപീനിയന്‍, നവജീവന്‍, യങ് ഇന്ത്യ, ഹരിജന്‍ എന്നിവയായിരുന്നു ഗാന്ധിജിയുടെ പത്രികകള്‍.

 

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കാനും ഭരണകൂടത്തിന്റെ വംശീയ അസഹിഷ്ണുത, ദക്ഷിണാഫ്രിക്കയില്‍ വര്‍ധിച്ചുവന്നിരുന്ന വര്‍ണവിവേചനം എന്നിവക്ക് മറുപടിയായാണ് ഇന്ത്യന്‍ ഒപീനിയന്‍ ആരംഭിച്ചത്. തന്റെ പത്രങ്ങള്‍ സത്യം മാത്രമേ പ്രചരിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ പരസ്യങ്ങള്‍ ഒന്നും തന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നില്ല. ഉപഭോക്താക്കളില്‍ നിന്നുള്ള വരുമാനം മാത്രമായിരുന്നു ഗാന്ധിജിയുടെ പത്രങ്ങള്‍ക്കുണ്ടായിരുന്നത്. ഇന്ത്യന്‍ ഒപീനിയന്റെ പ്രാധാന്യം അതിന്റെ വലുപ്പത്തിലല്ല, ഉള്ളടക്കത്തിലായിരുന്നു.

 

1932ല്‍ ഗാന്ധിജി യര്‍വാദാ ജയിലില്‍ നിരാഹാരമിരുന്ന സമയത്തുണ്ടാക്കിയ സംഘടനയാണിത്. ഡല്‍ഹിയായിരുന്നു ഇതിന്റെ ആസ്ഥാനം. ഹരിജനങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി രൂപംകൊണ്ട സംഘടനയായിരുന്നു ഇത്. ലളിത ജീവിതത്തിന്റെ ആള്‍രൂപമായിരുന്നു ഗാന്ധിജി. വളരെ അത്യാവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ മാത്രമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. പ്രാര്‍ഥനാ ഗ്രന്ഥം, ആഹാരം കഴിക്കാനുള്ള പാത്രം, ഘടികാരം, കോളാമ്പി, മെതിയടി, കത്രിക ഇവ മാത്രമായിരുന്നു ഗാന്ധിജിയുടെ ആകെയുള്ള സമ്പാദ്യം.

 

എന്നെ കൊന്നോള്ളു

ബിഹാറിലെ ചമ്പാരനില്‍ നീലം കര്‍ഷകര്‍ക്ക് വേണ്ടി ഗാന്ധിജി സമരം നടത്തുന്ന സമയം. വെള്ളക്കാരായ തോട്ടം ഉടമകള്‍ ഗാന്ധിജിക്കെതിരായി നില കൊണ്ടു. ഇതേ സമയം നീലം കര്‍ഷകര്‍ ഗാന്ധിജിയുടെ വീടിനു കാവല്‍ നിന്നു. ഒരു തോട്ടം ഉടമ തന്നെ കൊല്ലാന്‍ തീരുമാനിച്ച വിവരം ഗാന്ധിജി അറിഞ്ഞിരുന്നു. ഒരു രാത്രി കര്‍ഷകര്‍ അറിയാതെ ഗാന്ധിജി ആ തോട്ടം ഉടമയുടെ വീട്ടിലെത്തി. വാതില്‍ തുറന്ന തോട്ടം ഉടമയോട് ഇങ്ങനെ പറഞ്ഞു. 'നിങ്ങള്‍ കൊല്ലാന്‍ ആഗ്രഹിക്കുന്ന ആള്‍ ഞാനാണ്, ഇവിടെ ഞാന്‍ വന്നത് ആരുമറിഞ്ഞിട്ടില്ല, നിങ്ങള്‍ എന്നെ കൊന്നോളൂ' ലജ്ജ കൊണ്ട് തല താഴ്ത്തിയ തോട്ടം ഉടമ ഗാന്ധിജിയോട് മാപ്പുപറഞ്ഞു.

 


എന്തു ജോലിചെയ്യാനും ഗാന്ധിജിക്ക് മടിയില്ലായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ആശ്രമജീവിതത്തിന് അതിഥികള്‍ വരുമ്പോള്‍ മുഖ്യ പാചകക്കാരന്‍ ഗാന്ധിജി ആയിരുന്നു. ഒരിക്കല്‍ തന്റെ രാഷ്ട്രീയ ഗുരുവായ ഗോപാലകൃഷ്ണ ഗോഖലെ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തിന്റെ മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം അലക്കി തേച്ചു നല്‍കിയത് ഗാന്ധിജി ആയിരുന്നു. എല്ലാ തൊഴിലും സേവന മനോഭാവത്തോടെ ചെയ്യാന്‍ നാം തയാറാകുമ്പോഴാണ് ഈശ്വരസേവ ആകുന്നതെന്ന് ഗാന്ധിജി വിശ്വസിച്ചു.

 

OTHER SECTIONS