വയനാട്ടിലെ കാട്ടാന ആക്രമണം; മരിച്ച പോളിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകളുടെ പഠനവും ഭാര്യക്ക് താൽകാലിക ജോലിയും

പോളി​ന്റെ ഭാര്യക്ക് താൽകാലിക ജോലി നൽകാനും മകളുടെ തുടർപഠനം ഏറ്റെടുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

author-image
Greeshma Rakesh
New Update
വയനാട്ടിലെ കാട്ടാന ആക്രമണം; മരിച്ച പോളിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകളുടെ പഠനവും ഭാര്യക്ക് താൽകാലിക ജോലിയും

കോഴിക്കോട്: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. അതിൽ അഞ്ചുലക്ഷം രൂപ ശനിയാഴ്ച തന്നെ കൈമാറും.മാത്രമല്ല പോളിന്റെ ഭാര്യക്ക് താൽകാലിക ജോലി നൽകാനും മകളുടെ തുടർപഠനം ഏറ്റെടുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കുറുവ എക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോളിനെ ശനിയാഴ്ച രാവിലെയാണ് കുറുവദ്വീപിലേക്കുള്ള വഴിയിൽ വനത്തിനുള്ളിലെ ചെറിയമല ജങ്ഷനിൽ വെച്ച് കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

17 ദിവസത്തിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പോൾ. കാട്ടാനയുടെ ആക്രമണത്തിൽ ജനുവരി 29ന് തോൽപെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ കാവൽക്കാരനായിരുന്ന ലക്ഷ്മണൻ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 10ന് മാനന്തവാടി ചാലിഗദ്ദയിൽ അയൽവാസിയുടെ വീട്ടുമുറ്റത്തുവെച്ച് പനച്ചിയിൽ അജീഷ് എന്നയാളും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

തുടർച്ചായായുള്ള വന്യജീവി ആക്രമണത്തിൽ വയനാട് പുൽപ്പളളിയിൽ പ്രതിഷേധം ശക്തമാണ്.ഹർത്താൽ ദിനത്തിൽ പുൽപ്പളളിയിൽ കൂട്ടം ചേർന്നെത്തിയ ജനം വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞു.തുടർന്ന് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളിൽ റീത്ത് വെച്ചും ജനങ്ങൾ പ്രതിഷേധിച്ചു.നിലവിൽ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.കോണിച്ചിറയിൽ വന്യജീവി ആക്രമിച്ച പശുവിന്റെ ജഢം പ്രതിഷേധക്കാർ ജീപ്പിനുമുകളിൽവച്ചു.വനംവകുപ്പ് ജീവനക്കാർക്കെതിരെയാണ് ജനരോഷം.

wayanad financial assistance kerala government wild elephant attack elephant attack