/kalakaumudi/media/post_banners/6c4b5be83e2b452b7610dd3437f8c65522187b3afe99ba017eb33a061f2d334f.jpg)
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം തനിക്കെതിരെ നടന്ന എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
മുഖ്യമന്ത്രിയുടെ പ്രസംഗമാണ് വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത്.
തനിക്കെതിരായ ആക്രമണം ആസൂത്രിതമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പൊലീസ് പ്രതിഷേധക്കാരെ സഹായിച്ചു.
പ്രതിഷേധം കണ്ട് താന്‍ കാറില്‍ ഇരിക്കണമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. പൊലീസ് അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.
തനിക്കെതിരെയുണ്ടായ അക്രമം മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമുള്ളതായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടൊണ് ഇതെല്ലാം. മുഖ്യമന്ത്രി മറുപടി പറയണം.
കണ്ണൂരിലും സമാന സംഭവങ്ങള്‍ ഉണ്ടായി. ചെരുപ്പ് എറിഞ്ഞതിന് വധശ്രമത്തിനാണ് കേസെടുത്ത്. പ്രതിഷേധക്കാര്‍ ഇരിക്കുന്നത് പൊലീസ് ജീപ്പിലാണ്. എന്ത് പ്രത്യാഘാതവും നേരിടാന്‍ തയാറാണ്.
ഞാന്‍ എവിടെയും ഒറ്റയ്ക്ക് നടന്നു പോകാന്‍ തയാറാണ്. ദൂരെ നിന്ന് കൊടി കാണിച്ചോട്ടെ, പ്രശ്‌നമില്ല. പക്ഷേ എന്റെ കാറിന്റെ അടുത്ത് വന്ന് കൊടി കാണിച്ചാല്‍ ഓരോ സ്ഥലത്തും ഞാന്‍ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്തത് ?. എന്നെ കരിങ്കൊടി കാണിച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്തത് ?. പെന്‍ഷന്‍ കൊടുക്കാന്‍ പോലും പണമില്ലെന്നാണ് സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി അറിയിച്ചത്.
സംസ്ഥാനം പ്രതിസന്ധിയിലാണെങ്കില്‍ അക്കാര്യം കേന്ദ്രത്തെ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. സാമ്പത്തിക ഭദ്രത ഉറപ്പുനല്‍കാന്‍ കഴിയുന്ന സാഹചര്യമല്ല സംസ്ഥാനത്തെന്നാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ അറിയിച്ചത്.
എല്ലാത്തിനും മുകളിലാണ് നിയമമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം, ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 11 പേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റമാണു ചുമത്തിയിരിക്കുന്നത്.