/kalakaumudi/media/post_banners/c5084fad663003db862e93802f49f7fa556b51a7b128d1bb5ec9d8b6502b3e35.jpg)
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഹര്‍ണി തടാകത്തില്‍ ബോട്ട് മറിഞ്ഞ് 12 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും ദാരുണാന്ത്യം. സ്‌കൂളില്‍നിന്ന് വിനോദയാത്രയ്‌ക്കെത്തിയ 27 അംഗസംഘം യാത്രചെയ്ത ബോട്ടാണ് അപകടത്തില്‍ പെട്ടത്.
തടാകത്തില്‍ തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്.
രക്ഷപെടുത്തിയ ഏതാനും പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ന്യൂ സണ്‍റൈസ് എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് അപകടത്തില്‍പെട്ടത്. ബോട്ടില്‍ കയറിയ വിദ്യാര്‍ത്ഥികള്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം.
23 പേര്‍ ബോട്ടില്‍നിന്ന് തടാകത്തിലേക്ക് വീണതായാണ് വിവരം. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. എന്‍ഡിആര്‍എഫിനൊപ്പം അഗ്‌നിരക്ഷാ സേനയും തിരച്ചിലിനുണ്ട്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 2 ലക്ഷം രൂപ വീതം നല്‍കും. ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതവും ലഭ്യമാക്കും.
അപകടത്തിനു പിന്നാലെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിലുള്ളവര്‍ക്ക് എല്ലാവിധ ചികില്‍സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.