/kalakaumudi/media/post_banners/298cad2c65501e03e0b331c2f459637da1640162946c0419cc42bd45716cc879.jpg)
ഡറാഡൂൺ: മദ്രസ തകർത്തതിന് പിന്നാലെ കലാപം ഭൂമിയായി മാറിയ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കനത്ത സുരക്ഷ തുടരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പൊലീസ് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
ശനിയാഴ്ച വിവിധയിടങ്ങളിൽ പരിശോധന നടത്തി. കർഫ്യൂ നിലവിലുള്ള ബൻഭൂൽപുരയിൽ ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും മാത്രമേ തുറന്നു പ്രവർത്തിക്കുന്നുള്ളൂ. സ്കൂളുകളും കോളേജുകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടുണ്ട്. മേഖലയിലെ ഇന്റർനെറ്റ് വിലക്കും തുടരും.
കനത്ത സുരക്ഷയുടെ ഭാഗമായി ഹൽദ്വാനിയിൽ 1,000-ത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പൊലീസും കേന്ദ്രസേനയും നിരന്തരം പട്രോളിങ്ങും പരിശോധനകളും പ്രദേശത്ത് നടത്തുകയാണ്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 3 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഈ കേസുകളിലായി അഞ്ച് പേരാണ് അറസ്റ്റിലായത്.
സർക്കാർ ഭൂമി കൈയ്യേറിയെന്ന് ആരോപിച്ചാണ് ബൻഭൂൽപുരയിലെ മദ്രസ കെട്ടിടം മുനിസിപ്പാലിറ്റി പൊളിച്ചത്. ഇതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മദ്രസക്കെതിരെ ഹൈക്കോടതി അന്തിമ വിധി നൽകിയിട്ടില്ലെന്ന് പ്രദേശത്തെ കൗൺസിലറും പറയുന്നു.
കലാപകാരികൾ ബൻഭൂൽപുര പൊലീസ് സ്‌റ്റേഷന് കത്തിക്കാൻ ശ്രമിച്ചു. സ്റ്റേഷന് അകത്തുണ്ടായിരുന്ന പൊലീസുകാർ അക്രമകാരികളുടെ ശ്രമം തടഞ്ഞു. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ നിർദ്ദേശം നൽകിയെന്ന് ഡിജിപി അഭിനവ് കുമാർ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
