തമിഴ്‌നാട്ടിൽ വീണ്ടും തകർത്ത് പെയ്ത് മഴ; ചെന്നൈ ഉൾപ്പെടെ പ്രളയ ഭീതിയിൽ

സാധാരണഗതിയിൽ തമിഴ്‌നാട്ടിൽ വരണ്ട കാലാവസ്ഥയുണ്ടാകാറുള്ള ജനുവരിയിൽ ശക്തമായ മഴപെയ്യാൻ കാരണം കാറ്റിന്റെ ഗതിയിൽ വന്ന മാറ്റമാണെന്നാണ് വിലയിരുത്തൽ.

author-image
Greeshma Rakesh
New Update
തമിഴ്‌നാട്ടിൽ വീണ്ടും തകർത്ത് പെയ്ത് മഴ; ചെന്നൈ ഉൾപ്പെടെ പ്രളയ ഭീതിയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും വ്യാപക മഴ. ചെന്നൈ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ മഴ ലഭിച്ചതായാണ് റിപ്പോർട്ട്. കനത്ത മഴയെത്തുടർന്ന് തമിഴ്‌നാട്ടിലെ തിങ്കളാഴ്ച കടലൂർ, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കല്ല്കുറിച്ചി, ചെങ്കൽപട്ട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.സാധാരണഗതിയിൽ തമിഴ്‌നാട്ടിൽ വരണ്ട കാലാവസ്ഥയുണ്ടാകാറുള്ള ജനുവരിയിൽ ശക്തമായ മഴപെയ്യാൻ കാരണം കാറ്റിന്റെ ഗതിയിൽ വന്ന മാറ്റമാണെന്നാണ് വിലയിരുത്തൽ.

ചെന്നൈ ഉൾപ്പെടെ ആറ് വടക്കൻ ജില്ലകളിലും മൂന്നു തെക്കൻ ജില്ലകളിലുമുൾപ്പെടെ 12 മുതൽ 20 സെന്റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചീപുരവും ചെങ്കൽപ്പേറ്റുമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം 5.30 വരെ ചെന്നൈ നഗരമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇടവിട്ട് സാമാന്യം ശക്തമായ മഴ പെയ്തു. നങ്ങാമ്പറ്റവും, മീനമ്പക്കവും 17.3 മില്ലി മീറ്ററും 9.4 മില്ലി മീറ്ററും മഴ ലഭിച്ചു. എന്നൂർ തുറമുഖത്തുള്ള കാലാവസ്ഥാ കേന്ദ്രത്തിൽ 66 മില്ലി മീറ്റർ മഴ ലഭിച്ചു. അവിടെ പകൽ സമയത്തെ താപനില 26.2 ഡിഗ്രി സെൽഷ്യസ് ആണ്. ചില സമയങ്ങളിൽ 25.6 ഡിഗ്രി സെൽഷ്യസുമുണ്ട്. ഇത് സാധാരണയുണ്ടാകേണ്ട താപനിലയെക്കാൾ മൂന്നോ, 3.7 ഡിഗ്രി സെൽഷ്യസോ കുറവാണ്.

അടുത്ത 48 മണിക്കൂറിൽ ചെന്നൈയിലും പരിസരപ്രദേശങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും കൂടിയ താപനില 26 മുതൽ 27 വരെയായിരിക്കുമെന്നും സൂചിപ്പിക്കുന്നു.

ചെന്നൈ തിരുവള്ളൂർ എന്നിവിടങ്ങളിൽ മാത്രമല്ല വില്ലുപുരം, തിരുവണ്ണാമലൈ, വെല്ലൂർ എന്നീ വടക്കൻ ജില്ലകളിലും, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി എന്നീ തെക്കൻ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ജില്ലകളിൽ മഴ 9, 10 തീയ്യതികളിൽ മഴ തുടരാൻ സാധ്യതയുണ്ട്.ഡിസംബർ ആദ്യം, മൈചോങ് ചുഴലിക്കാറ്റ് ചെന്നൈയിലെ പല പ്രദേശങ്ങളിലും നാശം വിതച്ചിരുന്നു.

Tamil Nadu flood heavy rain CHENNAI